‘വല്ലതും തന്നാൽ വാങ്ങിക്കൊണ്ടു പോകുമെന്നത് പള്ളിയിൽ പറഞ്ഞാൽ മതി’; കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനെതിരെ ആനത്തലവട്ടം ആനന്ദൻ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനെതിരെ കടുത്ത വിമർശനവുമായി സി.ഐ.ടി.യു. ശമ്പള പ്രതിസന്ധിക്കും തൊഴിലാളിവിരുദ്ധ പരിഷ്കാരണങ്ങൾക്കുമെതിരെ എംപ്ലോയീസ് അസോസിയേഷന്‍റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ചീഫ് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദനാണ് വിമർശനങ്ങൾ തൊടുത്തത്. ബ്യൂറോക്രാറ്റുകൾ പണ്ഡിതന്മാരെന്നും മറ്റുള്ളവർക്ക് ഒന്നും അറിയില്ലെന്നുമുള്ള ധാരണ വേണ്ടെന്നും വല്ലതും തന്നാൽ വാങ്ങിക്കൊണ്ടു പോകുമെന്നത് പള്ളിയിൽ പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
വിശപ്പുള്ളവന്‍റെ മുന്നിൽ പോയി പകുതി ഭക്ഷണം നൽകാമെന്ന് പറയുന്നത് അംഗീകരിക്കില്ല. പ്രത്യക്ഷ സമരപരിപാടി തുടങ്ങും. ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിച്ചാൽ വരുമാനമുള്ള റൂട്ടിലേ വണ്ടിയോടിക്കാൻ ആളുണ്ടാകൂ. അറ്റവും മൂലയും നോക്കി പരിഷ്കരണം നടക്കില്ല. സ്വിഫ്റ്റ് ലാഭമോ നഷ്ടമോ എന്ന കണക്ക് പുറത്തുവിടണം. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാർക്ക് സ്വിഫ്റ്റിൽ നിയമനം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും നടന്നില്ല.
വി.ആർ.എസ് എന്നത് നവ മുതലാളിത്ത നയമാണ്. ഇതാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാറിന് ആ നയമില്ല. ഉള്ള തൊഴിൽ ഇല്ലാതാക്കിയല്ല പുതിയ തൊഴിൽ സൃഷ്ടിക്കേണ്ടത്. മാനേജ്മെന്റ് ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്. സിംഗ്ൾ ഡ്യൂട്ടി പാറശ്ശാലയിൽ നടപ്പാക്കിയെങ്കിലും ലാഭമാണോ നഷ്ടമാണോ എന്ന് പറയുന്നില്ല. മാനേജ്മെന്റ് സിംഗ്ൾ ഡ്യൂട്ടി പൊളിക്കാൻ നിൽക്കുന്നു. എല്ലാം തൊഴിലാളിയുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട. എല്ലാ പിശകും ശരിയാക്കുമെന്ന് പറയുന്ന മന്ത്രി ഒന്നും ശരിയാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനറൽ സെക്രട്ടറി എസ്. വിനോദ്, ട്രഷറർ പി. ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.