ആനത്തലവട്ടം ആനന്ദൻ: മുഖവും മുന്നണിയും നോക്കാതെ ‘വെട്ടിത്തുറന്ന’ ജീവിതം
text_fieldsതിരുവനന്തപുരം: മുഖവും മുന്നണിയും നോക്കാതെ ഇടതുപക്ഷത്തും ‘തൊഴിലാളിപക്ഷ’ നിലപാട് വെട്ടിത്തുറന്ന് പറയുന്ന കമ്യൂണിസ്റ്റായിരുന്നു ആനത്തലവട്ടം. കയർതൊഴിലാളിക്ക് വേണ്ടിയായാലും വണ്ടിത്തൊഴിലാളികൾക്ക് വേണ്ടിയായാലും പറയേണ്ടത് മൂർച്ചയോടെ പറഞ്ഞിരിക്കും.
ലോകത്താദ്യമായി ബാലറ്റിലൂടെ ആധികാരത്തിൽ വന്ന ഇ.എം.എസ് സർക്കാറിനെതിരെയായിരുന്നു പാർട്ടി അംഗം കൂടിയായ ആനന്ദന്റെ ആദ്യ സമരമെന്നത് ആർജവമേറിയ അടയാളമാണ്. 1957ൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നിട്ടും ചിറയിൻകീഴിലെ തൊഴിലാളികൾക്ക് ഒരു ദിവസത്തെ കൂലി എട്ടണയായിരുന്നു. 1954 ലെ പട്ടം താണുപിള്ള സർക്കാർ ഒരു രൂപ മിനിമം കൂലി പ്രഖ്യാപിച്ചിട്ടും നടപ്പായില്ല.
ആനന്ദൻ അന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് നിൽക്കുന്ന സമയമാണ്. 1956ൽ പാർട്ടി അംഗമായ അദ്ദേഹം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്. കൂലിക്കാര്യത്തിലെ അനീതിക്കെതിരെ സെക്രേട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യാനായിരുന്നു തീരുമാനം. ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് അന്ന് ട്രെയിൻ ടിക്കറ്റിന് എട്ടണയാണ്.
അതായത് ഒരു ദിവസത്തെ കൂലി. ടിക്കറ്റെടുത്താൽ തൊഴിലാളി പട്ടിണിയിലാകും. അങ്ങനെ 101 തൊഴിലാളികളുമായി തമ്പാനൂരിലേക്ക് കള്ളവണ്ടികയറി. എല്ലാവരും ഒരു കമ്പാർട്ട്മെന്റിൽ കയറി. കൊടിപിടിച്ച് മുദ്രാവാക്യവും വിളിച്ചാണ് ഇരിപ്പ്. ടി.ടി.ഇ വന്നാൽ കയറാൻ പറ്റാത്ത വിധം ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു.
തമ്പാനൂരിനടുത്ത് പഴയ ഒരു തറവാട് വീടാണ് അന്ന് അവിഭക്ത പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ്. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി എസ്. കുമാരനാണ് സ്റ്റേറ്റ് കമ്മിറ്റി ഓഫിസിന്റെ ചുമതല. എം.എൻ. ഗോവിന്ദൻ നായർ സെക്രട്ടറിയും. തൊഴിലാളികളുമായി പാർട്ടി ഓഫിസിലെത്തി കാര്യം പറഞ്ഞപ്പോൾ കുമാരൻ രോഷാകുലനായി.
‘ഇ.എം.എസ് ഭരിക്കുമ്പോ കമ്യൂണിസ്റ്റുകാർ സമരം ചെയ്യലോ.. ഇപ്പോ ഇറങ്ങണം’- പാർട്ടിയുടെ കൽപനയാണ്. ഇറങ്ങലേ വഴിയുള്ളൂ. പക്ഷേ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയില്ല. രണ്ടും കൽപിച്ച് സ്ത്രീ തൊഴിലാളികളടക്കമുള്ളവരുമായി സെക്രേട്ടറിയറ്റിന് മുന്നിൽ ഇ.എം.എസ് സർക്കാറിനെതിരെ സമരവും ചെയ്തു. സമരവുമായി പോയാൽ പാർട്ടിയിൽ കാണില്ലെന്ന മുന്നറിയിപ്പൊക്കെ ആനന്ദന് കിട്ടിയിരുന്നു.
‘അംബാസഡറിൽ കയറാനല്ല
ഡള്ളപ്പ് മെത്തയിൽ കിടക്കാനല്ല
അഴക്കരിയിൽ കഞ്ഞികുടിക്കാൻ
അതിനാണതിനാണീ സമരം..’’
അന്ന് വിളിച്ച മുദ്രാവാക്യങ്ങൾ പല പൊതുയോഗങ്ങളിലും ആനത്തലവട്ടം ആവേശത്തോടെ ഓർത്തെടുത്തിരുന്നു. പാർട്ടി ഭരിക്കുമ്പോൾ സമരം ചെയ്യാമോ എന്ന ഗൗരവമേറിയ രാഷ്ട്രീയപ്രശ്നത്തിന് കൂടി പരിഹാരം കാണുന്നതിന് ഈ സമരം നിമിത്തമായി. ‘‘ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോകണമെന്നും കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നെങ്കിലും ഇതൊരു സർക്കാർ മാറ്റമാണ് ഭരണകൂടമാറ്റമല്ലെന്നും’’ ഇ.എം.എസ് തന്നെ വിധിയെഴുതി.
പരിമിതമായ അധികാരങ്ങളേ ഗവൺമെന്റിനുള്ളൂ, സമരം ചെയ്യുന്നതിൽ തെറ്റില്ല. അല്ലെങ്കിൽ സംഘടന ഉണ്ടാകില്ലെന്നും ഇ.എം.എസ് പാർട്ടി അടിവരയിട്ടു. അങ്ങനെയാണ് അങ്ങനെ മെംബർഷിപ് പോകാതെ ആനന്ദൻ രക്ഷപ്പെട്ടത്.
പിന്നീട് നായനാർ സർക്കാറിന്റെയും വി.എസ് സർക്കാറിെൻറയും കാലത്തും ഇപ്പോൾ പിണറായി സർക്കാർ ഭരിക്കുേമ്പാഴുമെല്ലാം ആവശ്യങ്ങൾക്കായി തൊഴിലാളികൾ ചെെങ്കാടികളുമേന്തി സെക്രേട്ടറിയറ്റിന് മുന്നിൽ അണിനിരന്നു. സമരഭടന്മാർക്ക് നടുവിൽ നെഞ്ചുവിരിച്ച് ആനത്തലവട്ടവും.
വഴിത്തിരിവായി സി.എച്ചുമായുള്ള കണ്ടുമുട്ടൽ
കയർതൊഴിലാളികളുടെ വിഷയങ്ങളിൽ ഇടപെട്ട് സമരവുമായി മുന്നോട്ടുപോകുന്നതിനിടെ ആനന്ദന്റെ രാഷ്ട്രീയജീവിതത്തിൽ വഴിത്തിരിവാകുന്നത് സി.എച്ച്. കണാരനെ കണ്ടുമുട്ടിയതാണ്. 1969ലെ ആറ്റിങ്ങൽ ഉപതെരഞ്ഞെടുപ്പിൽ കാട്ടായിക്കോണം ശ്രീധറിന്റെ തെരഞ്ഞെടുപ്പ് ചുമതല സി.എച്ച്. കണാരനാണ്. അന്ന് ആനത്തലവട്ടം ഏരിയ കമ്മിറ്റി സെക്രട്ടറിയും.
‘‘ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആളുവേണം, ആനന്ദൻ ഇവിടെ പ്രവർത്തിക്കണം’’-സംസ്ഥാന നേതൃത്വം ഏൽപ്പിക്കുന്ന ആദ്യ ചുമതല. അന്ന് മുതൽ പുതിയ നിയോഗമായിരുന്നു ആനന്ദന്. തെക്കൻമേഖലയിൽ സി.എച്ചിന് സ്മാരകമൊന്നുമില്ല. അങ്ങനെയാണ് ആറ്റിങ്ങലിൽ പാർട്ടി ഓഫിസുണ്ടാക്കുമ്പോൾ സി.എച്ച് സ്മാരക മന്ദിരം എന്ന് പേര് നൽകിയത്.
കയറിഴ പോലെ തൊഴിലാളികൾക്കൊപ്പം: കിട്ടിയ ജോലിയും വേണ്ടെന്ന് വെച്ചു
തൊഴിലാളികൾക്കൊപ്പം കയർനാരുപോലെ ഇഴചേർന്ന ജീവിതമായിരുന്നു ആനന്ദന്റേത്. അതുകൊണ്ടുതന്നെ റെയിൽവേയിൽ കിട്ടിയ ജോലിയും വേണ്ടെന്ന് വെച്ചു. നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായാണ് ജോലി കിട്ടിയത്. അച്ഛൻ യാത്രാക്കൂലിയൊക്കെ തരപ്പെടുത്തിവെച്ചെങ്കിലും പോകാൻ തയാറായില്ല. വീട് നോക്കേണ്ടയാൾ പണി കിട്ടിയിട്ടും പോകാഞ്ഞതോടെ എല്ലാവർക്കും മുഷിപ്പായി. ഇതോടെ വീടുമായി അകന്നു. പിന്നെ പാർട്ടി ഒാഫിസിലും സുഹൃത്തുക്കളുടെ വീടുകളിലുമായി അന്തിയുറക്കം.
അടിയന്തരാവസ്ഥയിൽ ഒന്നരവർഷം ഒളിവിൽ
തൊഴിലാളിസമരങ്ങൾക്കൊപ്പം അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവർഷം ഒളിവിൽ കഴിഞ്ഞു ആനത്തലവട്ടം. വീട്ടിൽ നിന്നകന്ന് ആറ്റിങ്ങലിലെ ഒരു ലോഡ്ജിൽ താമസിക്കുേമ്പാഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ആനന്ദൻ എത്തുന്നുണ്ടോ എന്നറിയാൽ രണ്ട് പൊലീസുകാരെ കാവലിട്ടായിരുന്നു നിരീക്ഷണം. മുറി തുറക്കാനൊരുങ്ങിയപ്പോൾ പൊലീസുകാരിൽ ഒരാൾ വന്ന് കാര്യം പറഞ്ഞു.
‘വേണമെങ്കിൽ രക്ഷപ്പെട്ടോ. നിങ്ങൾ പിടികിട്ടാപ്പുള്ളിയാണ്’ വിവരമറിഞ്ഞതോടെ ഒരു വീട്ടിലേക്ക് മാറി. രാത്രി 12ന് ശേഷം ദേശീയപാതയിലെത്തി ഒരു ടാങ്കർ ലോറിയിൽ കയറി തിരുവനന്തപുരത്ത് വന്നു. ജില്ല ഒാഫിസിലേക്ക് പോകാതെ മാറിനിന്നു. അവിടെയെല്ലാവരും പിടിയിലാണെന്നറിഞ്ഞതോടെ ഇ.എം.എസിെൻറ നിർദേശപ്രകാരം ഒളിവിലേക്ക് മാറുകയായിരുന്നു.
പട്ടിണിജാഥ മുതൽപാർട്ടി സംസ്ഥാനകമ്മിറ്റി വരെ
1975ൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് കയർതൊഴിലാളികളുടെ പട്ടിണിജാഥ നയിച്ചതായിരുന്നു ആനത്തലവട്ടത്തിെൻറ ട്രേഡ് യൂനിയൻ ജീവിതത്തിലെ ഇതിഹാസതുല്യമായ സംഭവം.
നിയമസഭ നടക്കുന്ന സമയമായതിനാൽ സഭക്കുള്ളിൽ കയറണമെന്നായിരുന്നു തീരുമാനം. വിവരം പൊലീസ് മണത്തറിഞ്ഞു. മാർച്ച് സ്റ്റാച്യുവിലെത്തിയപ്പോൾ അസംബ്ലി പിരിച്ചുവിട്ടു. അല്ലെങ്കിൽ വെടിവെപ്പുവരെയുണ്ടാകുമായിരുന്നു. തിരുവനന്തപുരത്ത് രണ്ടിടത്തായിരുന്നു സമാപനം. കിഴക്കേകോട്ടയിൽ എ.കെ.ജിയും തമ്പാനൂരിൽ ഇ.എം.എസും ഉദ്ഘാടനം ചെയ്തു.
1971ൽ ആനത്തലവട്ടം സി.പി.എം ജില്ല കമ്മിറ്റി അംഗമായി. 1979 മുതൽ 1984 വരെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.
1987, 1996, 2006 വർഷങ്ങളിൽ ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
1987ൽ കോൺഗ്രസിലെ കാവിയാട് ദിവാകരപ്പണിക്കരെയും 1996ൽ വക്കം പുരുഷോത്തമനെയും 2006ൽ സി. മോഹനചന്ദ്രനെയും പരാജയപ്പെടുത്തിയാണ് നിയമസഭാപ്രവേശനം.
1985ൽ എറണാകുളം സമ്മേളനത്തിലാണ് ആനത്തലവട്ടം സംസ്ഥാന കമ്മിറ്റി അംഗമാകുന്നത്.
37 കൊല്ലത്തിന് ശേഷം അതേ നഗരത്തിൽ നടന്ന സമ്മേളനത്തിലാണ് സ്ഥാനമൊഴിഞ്ഞതും. പിന്നീട് അവസാനം വരെയും തൊഴിലാളി സംഘടനകളുടെ നേതൃസ്ഥാനത്ത് നിന്ന് കരുത്തുറ്റ പോരാട്ടവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.