നിലച്ചു, സമരകാഹളം
text_fieldsതിരുവനന്തപുരം: ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തോടെ നിലച്ചത് തൊഴിലാളികളുടെ സമരകാഹളം. ബാല്യം മുതൽ കയർ തൊഴിലാളികൾക്കൊപ്പം നിന്ന് നടത്തിയ അവകാശ പോരാട്ടങ്ങളുടെ പേരായിരുന്നു അത്. തൊഴിലാളികൾക്ക് വേണ്ടി ആദ്യ ഇ.എം.എസ് സർക്കാറിനോട് കലഹിച്ചുതുടങ്ങിയ ആ സമരകാഹളം പിണറായി സർക്കാറിന്റെ കാലത്തും മുഴക്കമായി തുടർന്നു.
രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പും കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾക്കായി ശബ്ദമുയർത്തിയ ആനത്തലവട്ടം, മാനേജ്മെന്റിനെതിരെ രൂക്ഷവിമർശനമാണുയർത്തിയത്. വേതനം ആരുടെയും ഔദാര്യമല്ലെന്ന ധീരനിലപാടാണ് എക്കാലവും അദ്ദേഹം ഉയർത്തിപ്പിടിച്ചത്.
ജല അതോറിറ്റിയിൽ ശമ്പള പരിഷ്കരണമടക്കം ആവശ്യമുന്നയിച്ച് 2022 ഏപ്രിൽ നാലിന് സെക്രട്ടേറിയറ്റിന് മുന്നിൽ സി.ഐ.ടി.യു നടത്തിയ സമരവേദിയിലും ഇക്കാര്യം ആവർത്തിച്ചാണ് അദ്ദേഹം സർക്കാറിനെതിരെ ആഞ്ഞടിച്ചത്. പിണറായി പറയുന്നത് ഏറ്റെടുക്കലല്ല പാർട്ടിയുടെ ജോലി എന്നായിരുന്നു 2016 ഡിസംബർ 23ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെ ടി.വി പരിപാടിയിൽ പ്രതികരിച്ചത്.
കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യവേ, മന്ത്രിപദം കേവലം പദവിയായി കൊണ്ടുനടന്നാൽ പോരെന്നും ഭരണം നടക്കുന്നുണ്ടെന്ന് ജനങ്ങളെയും തൊഴിലാളികളെയും ബോധ്യപ്പെടുത്തണമെന്നും തുറന്നടിച്ചു. എൻ.കെ. ശശീന്ദ്രനെ ലക്ഷ്യംവെച്ചായിരുന്നു ഈ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.