ആനത്തലവട്ടം ആനന്ദന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നു; സഖാക്കളോടൊപ്പമുള്ള ചിത്രങ്ങൾ അയക്കാമോയെന്ന് മകൻ
text_fieldsതിരുവനന്തപുരം: മുതിർന്ന സിപി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻ്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്‍റെ ആത്മകഥ പൂർത്തിയാക്കുന്നതിനായി അദ്ദേഹത്തിന്‍റെ പഴയ ചിത്രങ്ങൾ അയച്ചുനൽകണമെന്ന അഭ്യർത്ഥനയുമായി മകൻ ജീവ ആനന്ദ്. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി സഖാക്കളോടൊപ്പം പങ്കെടുക്കുന്ന പഴയ ചിത്രങ്ങൾ അയച്ച് തന്നാൽ അവകൂടി ഉൾപ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കാനാകുമെന്ന് മകൻ ജീവ ആനന്ദ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ആനത്തലവട്ടം ആനന്ദൻ നേരത്തെ ആത്മകഥ എഴുതിയിരുന്നു. എന്നാൽ, അത് പൂർത്തീകരിച്ച് അദ്ദേഹത്തിന് പ്രകാശനം ചെയ്യാനായില്ലെന്ന് മകൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. സംഘടനാ പ്രവർത്തനത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുള്ള ആത്മകഥക്ക് പഴയ ചിത്രങ്ങൾ ഉണ്ടെങ്കിൽ ആവശ്യമാണെന്നും അത്തരം ചിത്രങ്ങൾ കൈവശമുണ്ടെങ്കിൽ അയച്ചു നൽകണമെന്നും മകൻ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചത്. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 86-ാം വയസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ട്രേഡ് യൂണിയൻ രംഗത്ത് സമാനതകളില്ലാത്ത നേതൃപാടവത്തിന് ഉദാഹരണമാണ് ആനത്തലവട്ടം ആനന്ദൻ.
ജീവ ആനന്ദിെൻറ ഫേസ്ബുക്ക് കുറിപ്പ്
പ്രിയരേ
സ. ആനത്തലവട്ടം ആനന്ദൻ തന്റെ ആത്മകഥ എഴുതിയിരുന്നു. അത് പ്രകാശനം ചെയ്യുന്നതിന് കഴിഞ്ഞിരുന്നില്ല. ആത്മകഥ പ്രസിദ്ധീകരിക്കണമെന്നാണ് ആഗ്രഹം. അച്ഛൻ വിശദമായി എഴുതിയിട്ടുണ്ട്. എന്നാൽ പഴയ ചിത്രങ്ങൾ അധികം ലഭിച്ചിട്ടില്ല.
സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി സഖാക്കളോടൊപ്പം പങ്കെടുക്കുന്ന പഴയ ചിത്രങ്ങൾ ഉണ്ടെങ്കിൽ അവകൂടി ഉൾപ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കാമായിരുന്നു. നിങ്ങളുടെ കൈവശം അച്ഛനുമായി ബന്ധപ്പെട്ട ഇത്തരം ചിത്രങ്ങൾ ഉണ്ടെങ്കിൽ അതു അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. ചിത്രങ്ങൾ anathalavattom@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.