അനുപമക്ക് കുഞ്ഞിനെ തിരികെ കിട്ടണം; ആവശ്യപ്പെട്ടാൽ സഹായം ചെയ്യും -ആനാവൂർ നാഗപ്പൻ
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞിനെ അച്ഛനും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും മാതാവും ചേർന്ന് ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. പെൺകുട്ടിയുടെ അച്ഛനായ ജയചന്ദ്രന്‍റെ നിലപാടിനെ ന്യായീകരിക്കുന്നില്ലെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. കുഞ്ഞിനെ അമ്മക്ക് ലഭിക്കണമെന്നത് മാനുഷികമായ ആവശ്യമാണ്. അത് കുഞ്ഞിന്‍റെ അവകാശം കൂടിയാണ്. അമ്മയും അച്ഛനും ജീവിച്ചിരിക്കുമ്പോൾ, കുഞ്ഞ് ജീവിതകാലം മുഴുവൻ അനാഥനായി വളരേണ്ടി വരുന്നത് കഷ്ടമാണ്. നവജാത ശിശുവിനെ ഒളിപ്പിച്ച സംഭവത്തിൽ കാര്യമായ ഇടപെടൽ പാർട്ടി നടത്തിയിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
സി.പി.എം നേതാവായ ജയചന്ദ്രന്‍റെ മകൾ അനുപമയും ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്‍റായിരുന്ന അജിത്തും തമ്മിൽ സ്നേഹത്തിലാണെന്ന പരാതിയാണ് പാർട്ടിക്ക് ആദ്യം ലഭിച്ചത്. ലോക്കൽ കമ്മിറ്റിയംഗമായ അജിത്തിന്‍റെ പിതാവിനെ വിളിപ്പിക്കുകയും മകനെ പറഞ്ഞ് വിലക്കണമെന്ന് പാർട്ടി ആവശ്യപ്പെടുകയും ചെയ്തു. അജിത്ത് ആദ്യം വിവാഹം കഴിച്ചത് പാർട്ടി അനുഭാവിയായ മുസ് ലിം പെൺകുട്ടിയാണ്. പ്രേമ വിവാഹമായിരുന്നു ഇത്.
വിവാഹിതനായ ഒരാൾ മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്നത് തെറ്റാണെന്നും മകനെ വിലക്കണമെന്നും പിതാവിനോട് പറഞ്ഞു. ഇക്കാര്യം മകനോട് താൻ പറയാമെന്നും എന്നാൽ, അനുസരിക്കുമോ എന്ന് അറിയില്ലെന്നുമാണ് പിതാവ് മറുപടി നൽകിയത്. ഇത്തരത്തിൽ സംസാരം നടന്നതാണെന്നും ഇതിൽ ഉറച്ചുനിൽകുന്നതായും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
പെൺകുട്ടി ഗർഭിണിയാണെന്നും ജയചന്ദ്രന്‍റെ ഭാര്യാ വീട്ടിലേക്ക് മാറ്റിയെന്നും പെൺകുട്ടി പ്രസവിച്ചെന്നും പിന്നീടാണ് അറിയുന്നത്. പെൺകുട്ടിയോ ഭർത്താവോ പരാതിയുമായി സമീപിച്ചിട്ടില്ല. ടിവിയിലൂടെയാണ് പെൺകുട്ടിയെ താൻ കാണുന്നത്. പിന്നീട് പാർട്ടിക്ക് ലഭിച്ച പരാതി കത്ത് സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. കുഞ്ഞിനെ അമ്മയെ ഏൽപിക്കാൻ ആവശ്യപ്പെടണമെന്ന് സെക്രട്ടറിയേറ്റിൽ തീരുമാനമായി. ഇതു പ്രകാരം ജയചന്ദ്രനെ പാർട്ടി വിളിപ്പിച്ചു. കുഞ്ഞിനെ തിരിച്ചു കൊടുക്കണമെന്ന് ജയചന്ദ്രനോട് ആവശ്യപ്പെട്ടു.
പാർട്ടി ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് അജിത്തിന്‍റെ അച്ഛനുമായി സംസാരിച്ചത്. ശിശുക്ഷേമ സമിതിക്ക് കൈമാറിയതിനാൽ കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ തനിക്ക് സാധിക്കില്ലെന്ന് ജയചന്ദ്രൻ മറുപടി നൽകി. അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നും ജയചന്ദ്രൻ പറഞ്ഞു. നിയമപരമായ മാർഗമുണ്ടെങ്കിൽ അക്കാര്യം പരിശോധിച്ച് കുഞ്ഞിനെ തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് പ്രയാസമുണ്ടാക്കുമെന്നും ജയചന്ദ്രനോട് പറഞ്ഞു.
ശേഷം ശിശുക്ഷേമ സമിതിയിലെ അഡ്വ. ഷിജു ഖാനെ വിളിപ്പിച്ച് കാര്യം തിരക്കി. നിയമപരമായ വ്യവസ്ഥകൾ പൂർത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് ഷിജു ഖാൻ വിവരിച്ചു. കുഞ്ഞിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും നിയമപരമായ വഴിതേടിയാൽ കുഞ്ഞിനെ കിട്ടിയേക്കുമെന്നും ഷിജു ഖാൻ വ്യക്തമാക്കി. രണ്ടാഴ്ചക്ക് ശേഷം ഫോണിൽ വിളിച്ച പെൺകുട്ടിയോട് പാർട്ടിക്ക് പരിഹരിക്കാൻ സാധിക്കുന്ന വിഷയമല്ലെന്നും നിയമപരമായി നീങ്ങാനും എന്തെങ്കിലും നിയമസഹായം ആവശ്യമുണ്ടെങ്കിൽ ചെയ്ത് തരാമെന്നും താൻ പറഞ്ഞു.
പെൺകുട്ടി അബോധാവസ്ഥയിൽ ആയ സമയത്താണ് കുഞ്ഞിനെ കൊണ്ടു പോയതെന്നാണ് പറയുന്നത്. എന്നാൽ, ആ സമയത്ത് കുഞ്ഞിന്‍റെ അച്ഛന് പാർട്ടിയിൽ പരാതിപ്പെടാൻ സാധിക്കുമായിരുന്നു. പരാതി ലഭിക്കാത്ത സാഹചര്യത്തിലാണ് വിഷയത്തിൽ പാർട്ടി ഇടപെടാതിരുന്നതെന്നും ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.