കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് മർദനം; കൊല്ലത്ത് ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു
text_fieldsഅഞ്ചൽ: കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് മർദനമേറ്റ ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു. രണ്ടാഴ്ച മുമ്പ് പനയഞ്ചേരിയിൽ െവച്ച് തദ്ദേശീയരിൽ നിന്നും മർദ്ദനമേറ്റ പശ്ചിമ ബംഗാൾ സ്വദേശി മണിക് റോയി (32) ആണ് കഴിഞ്ഞ ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പനയഞ്ചേരി സ്വദേശി ശശിധരൻ പിള്ള (48)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മാസം 25ന് വൈകിട്ട് ആറുമണിയോടെ പനയഞ്ചേരിയിൽ െവച്ചാണ് മണിക് റോയിക്ക് മർദ്ദനമേറ്റത്. സമീപത്തെ വീട്ടിൽ നിന്നും കോഴിയെ വാങ്ങി നടന്നുവരവെ റോഡ് വക്കിലെ കലുങ്കിലിരിക്കുകയായിരുന്ന മൂന്ന് പേർ ഇയാളെ തടഞ്ഞു നിർത്തുകയും മോഷ്ടാവെന്ന് ആരോപിച്ച് മർദ്ദിക്കുകയുമായിരുന്നു. രക്തം വാർന്ന് ബോധരഹിതനായ മണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം പുറത്തുവന്ന മണിക് റോയി കൂലിവേലക്ക് പോകുന്നത് തുടർന്നു.
കഴിഞ്ഞ ദിവസം ജോലിസ്ഥലത്ത് െവച്ച് ദേഹാസ്വാസ്ഥ്യം വന്ന് കുഴഞ്ഞു വീണതിനെത്തുടർന്ന് മണിക്ക് റോയിയെ സഹപ്രവർത്തകർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി.തലയുടെ പിൻഭാഗത്തേറ്റ മുറിവിൽ അണുബാധയുണ്ടായതും വിദഗ്ദ്ധ ചികിൽസ കിട്ടാത്തതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം ഇവിടെയുള്ള ബന്ധുക്കളും സഹപ്രവർത്തകരും ഏറ്റുവാങ്ങി. ചൊവാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോകും. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.