അഞ്ചുതെങ്ങ് ബോട്ടപകടം; കാണാതായവർക്കായി തിരച്ചിൽ ഊർജിതമാക്കി
text_fieldsആറ്റിങ്ങൽ: അഞ്ചുതെങ്ങ് മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കി. തീരസംരക്ഷണ സേനയുടെ ചെറുവിമാനവും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. കാണാതായ മത്സ്യത്തൊഴിലാളികൾ വലയിൽ കുരുങ്ങാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. മുസ്തഫ (18), ഉസ്മാൻ (21), സമദ് (40) എന്നിവരെയാണ് കാണാതായത്. മോശം കാലാവസ്ഥയെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ അഞ്ചുതെങ്ങ് മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തിൽ രണ്ടു പേർ മരിച്ചു. വർക്കല വെട്ടൂർ മൂപ്പക്കുടി റംസി മൻസിലിൽ ഷാനവാസ് (59), വർക്കല വിളബ്ഭാഗം സ്വദേശി നിസാമുദ്ദീൻ (65) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട നവാസ് (45), ഷൈജു (40), ഇബ്രാഹിം (39), നാസിം (33), യൂസഫ് (30), അഹദ് (50), റഷീദ് (34) എന്നിവർ ചികിത്സയിലാണ്.
വർക്കല ചിലക്കൂർ സ്വദേശി കഹാറിന്‍റെ ഉടമസ്ഥതയിലുള്ള 'സഫ മർവ' ബോട്ടാണ് അപകടത്തിൽപെട്ടത്. മത്സ്യബന്ധനത്തിനു പോയി കടലിൽ നിന്ന് തിരികെ കരയിലേക്ക് കയറവെ, മുതലപ്പൊഴി ഹാർബറിന്‍റെ പൊഴിമുഖത്ത് ബോട്ട് മറിയുകയായിരുന്നു. ശക്തമായ കാറ്റിൽപെട്ടായിരുന്നു അപകടം.
മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തടസ്സപ്പെട്ടു. 23 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേർ നീന്തി രക്ഷപ്പെട്ടു. ബോട്ടുടമ കഹാറും നീന്തിക്കയറി. 11 പേരെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചെങ്കിലും രണ്ടു പേർ മരിച്ചു.
രക്ഷാപ്രവർത്തനത്തിലെ പാളിച്ച ചൂണ്ടിക്കാട്ടി നാട്ടുകാർ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കരക്കെത്തിച്ചവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. നിസാമുദ്ദീന്‍റെയും ഷാനവാസിന്‍റെയും മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.