സന്നിധാനത്ത് കനത്ത പ്രതിഷേധം; രഹ്ന ഫാത്തിമയും കവിതയും മടങ്ങി
text_fieldsപമ്പ: കനത്ത പൊലീസ് സുരക്ഷയിൽ സന്നിധാനത്തേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്രയിൽ നിന്നു ള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിത ജക്കലും നടപ്പന്തലിൽ യാത്ര നിർത്തി തിരിച്ചിറങ്ങി. കനത്ത പ്രതിഷേധത്തെ തുടർന്നാണ് ഇവർ യാത്ര താൽകാലികമായി അവസാനിപ്പിച്ചത്. യുവതികൾ പതിനെട്ടാം പടി ചവിട്ടിയാൽ നട അടക്കുമെന്ന് തന്ത്രിയും പൂജ നിർത്തിവെച്ച് ശരണം വിളിച്ച് പ്രതിഷേധവുമായി പരികർമികളും രംഗത്തെത്തിയതോടെയാണ് യുവതികളെ തിരിച്ചയച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് മലയിറക്കം. നട അടച്ചിടാൻ തന്ത്രിക്ക് അവകാശമുണ്ടെന്ന് മന്ത്രി കടകംപള്ളി പ്രതികരിച്ചു.
നൂറിലധികം പോലീസുകാരുടെ വലയത്തില്‍ രാവിലെയാണ് ഇവർ സന്നിധാനത്തേക്ക് പുറപ്പെട്ടത്. നടപ്പന്തലിന് തൊട്ടുമുമ്പ് പ്രതിഷേധക്കാർ പൊലീസ് സംഘത്തെ തടഞ്ഞു. തുടർന്ന് ഐ.ജി ശ്രീജിത്ത് അവരെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി. നിയമത്തിൻറെ നിയോഗം നടപ്പാക്കാൻ ബാധ്യത പൊലീസിനുണ്ട്. നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരുമായി ഐ.ജി ചർച്ച നടത്തി. ആക്ടിവിസ്റ്റുകൽ ശബരിമലയിലേക്ക് വരുന്നതിനെ എതിർത്ത് പിന്നീട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. പൊലീസ് കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നീലിമല വഴിയാണ് യുവതികൾ പോയത്. പോകുന്ന വഴിയിൽ ചെറിയ രീതിയിലുള്ള പ്രതിഷേധ നീക്കങ്ങൾ ഉണ്ടായെങ്കിലും അനുനയത്തിൻെറ ഭാഷയിൽ പൊലീസ് ഇവരെ നീക്കം ചെയ്യുകയായിരുന്നു. തങ്ങൾ സുപ്രിംകോടതി വിധി നടപ്പാക്കുകയാണെന്നായിരുന്നു പൊലീസ് വിശദീകരണം.
ജോലി സംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാത്രിയാണ് കവിത പോലീസിനെ സമീപിച്ചത്. ഐ.ജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ പിന്നീട് കൂടിക്കാഴ്ച നടത്തിയിരുന്നു. രാത്രിയിലെ യാത്ര ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കില്‍ സുരക്ഷ നല്‍കാമെന്നും പോലീസ് അറിയിച്ചു.
നടിയും മോഡലുമായ കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമ ആക്ടിവിസ്റ്റാണ്. ബി.എസ്.എൻ.എൽ എറണാകുളം ബിസിനസ് ഏരിയ ഉദ്യോഗസ്ഥയാണ് ഇവർ. ഹൈദരാബാദ് നാൽകോണ്ട സ്വദേശിയായ കവിത ജക്കൽ, 10 ടിവിയിൽ വാർത്താ അവതാരകയായിരുന്നു. പിന്നീട് തെലുങ്ക് മാധ്യമമായ മോജോ ടിവിയിൽ റിപ്പോർട്ടറായി ചേർന്നു.
രാവിലെ ഐ.ജി എത്തിയ ശേഷമാണ് ഇവര്‍ യാത്ര തിരിച്ചത്. ഇന്നലെ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടർ സുഹാസിനി രാജിന് പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു. അതേസമയം ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.