വിലക്കയറ്റം തടയാൻ ആന്ധ്ര അരി വരുന്നു
text_fieldsതിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി അരി ഉള്‍പ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കള്‍ ആന്ധ്രപ്രദേശിൽനിന്ന് വാങ്ങാൻ ധാരണ. എന്നാൽ, കേരളീയർക്ക് ഏറ്റവും പ്രിയപ്പെട്ട ആന്ധ്രയിലെ 'ജയ' ഇനം അരി ഉടൻ എത്തില്ല. 'ജയ' അരി ഉൽപാദനംതന്നെ ആന്ധ്രയിൽ നിർത്തിയതായും ഈ വിള ഇപ്പോൾ കൃഷി ചെയ്യുന്നില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചക്കുശേഷം ആന്ധ്ര ഭക്ഷ്യമന്ത്രി കെ.പി. നാഗേശ്വരറാവു വ്യക്തമാക്കി.
കേരളത്തിന്‍റെ താൽപര്യപ്രകാരം അഞ്ചു മാസത്തിനുള്ളിൽ ജയ അരി എത്തിക്കാൻ നടപടി സ്വീകരിക്കും. മറ്റ് അരി ഇനങ്ങളും കടല, വൻപയർ, മല്ലി, വറ്റൽ മുളക്, പിരിയൻ മുളക് തുടങ്ങിയവയും ഡിസംബർമുതൽ എത്തും. ഉൽപന്നങ്ങൾക്ക് ആന്ധ്രയിലെ വിലക്ക് പുറമെ ഗതാഗതച്ചെലവും നൽകി ട്രെയിൻ മാർഗം എത്തിക്കാനാണ് ധാരണ.
ആന്ധ്രയില്‍നിന്ന് കയറ്റുമ്പോഴും കേരളത്തില്‍ എത്തുമ്പോഴും ഗുണനിലവാര പരിശോധനക്കായി സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും. ആദ്യ ഘട്ടം വിജയകരമായാല്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ആന്ധ്രപ്രദേശ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേന വാങ്ങും.
പ്രതിമാസം 3840 മെട്രിക് ടണ്‍ പ്രീമിയം ക്വാളിറ്റി ജയ അരി ആന്ധ്ര സർക്കാർ കർഷകരില്‍നിന്ന് നേരിട്ട് സംഭരിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ റെയില്‍വേ റാക്ക് പോയന്‍റുകളില്‍ എത്തിക്കും. പ്രതിവർഷം 46100 മെട്രിക് ടണ്‍ അരി ലഭ്യമാക്കും. ആന്ധ്രയിലെ കർഷകർക്ക് മിനിമം വില ഉറപ്പുവരുത്തുകയും കേരള ജനതക്ക് ഏറ്റവും ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും ലാഭം ലക്ഷ്യമാക്കുന്നില്ലെന്നും ആന്ധ്ര മന്ത്രി അറിയിച്ചു.
തൈക്കാട് ഗെസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ആന്ധ്ര ഭക്ഷ്യമന്ത്രിയോടൊപ്പം ഭക്ഷ്യവകുപ്പ് കമീഷണർ ഡോ. ബാബു, സിവില്‍ സപ്ലൈസ് കോർപറേഷന്‍ മാനേജിങ് ഡയറക്ടർ ജി. വീരപാണ്ഡ്യന്‍, കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പിനെ പ്രതിനിധീകരിച്ച് ഭക്ഷ്യ സെക്രട്ടറി അലി അസ്ഗർ പാഷ, ഭക്ഷ്യ പൊതുവിതരണ കമീഷണർ ഡി. സജിത് ബാബു, സപ്ലൈകോ സി.എം.ഡി സഞ്ജീവ് കുമാർ പഡ്ജോഷി , സപ്ലൈകോ ജി.എം ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.