പഠനകാലം മുതൽ പ്രണയം; നൊമ്പരക്കാഴ്ചയായി ഹരിത
text_fieldsകുഴൽമന്ദം (പാലക്കാട്): ദുരഭിമാനക്കൊലയുടെ നടുക്കത്തിൽനിന്ന് മോചിതമാകാതെ തേങ്കുറുശ്ശി ഇലമന്ദം. സ്കൂളിൽ പഠിക്കുേമ്പാൾതന്നെ പ്രണയത്തിലായിരുന്നു അനീഷും ഹരിതയും. ഇലമന്ദത്ത് അധികം അകലെയല്ലാതെയാണ് ഇരുവരുടേയും വീടുകൾ. അനീഷിനെ വിവാഹം കഴിക്കണമെന്ന ഹരിതയുടെ ആഗ്രഹം അവഗണിച്ച് മകളുടെ വിവാഹാലോചന വേഗത്തിലാക്കുകയായിരുന്നു കുടുംബം.
തമിഴ് പിള്ള സമുദായത്തിൽപെട്ട ഹരിതയുടെ കുടുംബത്തിന് വലിയ വീടും സാമ്പത്തിക ശേഷിയുമുണ്ട്. കൊല്ല സമുദായക്കാരനായ അനീഷിേൻറത് ഒാട് മേഞ്ഞ ചെറിയൊരു വീടാണ്. രജിസ്റ്റർ വിവാഹശേഷം ഹരിത അനീഷിെൻറ വീട്ടിലാണ് താമസിച്ചിരുന്നത്. മകളെ അനീഷ് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് വിവാഹത്തിെൻറ രണ്ടാംനാൾ ഹരിതയുടെ പിതാവ് പ്രഭുകുമാർ, പൊലീസിൽ നൽകിയ പരാതിയിൽ ഇരുവിഭാഗത്തെയും കുഴൽമന്ദം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ, ഹരിത തീരുമാനത്തിൽ ഉറച്ചുനിന്നു. ഇരുകുടുംബങ്ങളുമായി രണ്ട് മണിക്കൂറിലധികം നീണ്ട ഒത്തുതീർപ്പ് ചർച്ച നടത്തിയതായി പൊലീസ് പറയുന്നു. മകളുടെ ബന്ധത്തിൽ വിഷമമുണ്ടെങ്കിലും പരാതിയില്ലെന്നറിയിച്ചാണ് പ്രഭുകുമാർ മടങ്ങിയത്.
എന്നാൽ, പൊലീസിന് നൽകിയ ഉറപ്പ് പാലിക്കാതെ പ്രഭുകുമാറും അമ്മാവൻ സുരേഷും അനീഷിനും ഹരിതക്കും നേരെ ഭീഷണി തുടർന്നു. സമ്പത്തിലും ജാതിയിലും തങ്ങളെക്കാൾ പിറകിലുള്ള യുവാവുമായുള്ള ഹരിതയുടെ വിവാഹം കുടുംബത്തെ അസ്വസ്ഥമാക്കിയിരുന്നത്രെ. ഹരിതയുടെ അമ്മാവൻ സുരേഷ് പലപ്പോഴും അനീഷിനുമായി തർക്കമുണ്ടാക്കി. ഡിസംബർ എട്ടിന് അനീഷിെൻറ വീട്ടിൽ മദ്യപിച്ചെത്തിയ സുരേഷ്, മൊബൈൽ ഫോൺ കൈക്കലാക്കി.
ഇത് തിരിച്ചുകിട്ടാൻ ഹരിത കുഴൽമന്ദം പൊലീസിൽ പരാതി നൽകിയിരുന്നു. ബന്ധം ഉപേക്ഷിക്കാൻ മൂന്നുമാസമാണ് ഹരിതക്ക് പിതാവ് സമയം അനുവദിച്ചത്. അത് കഴിഞ്ഞാൽ അനീഷിനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഭീഷണി പൊലീസ് അത്ര ഗൗരവത്തിൽ എടുക്കാത്തതാണ് യുവാവിെൻറ ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്. പ്രതികൾ പലപ്പോഴായി മകനെ ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിെൻറ പിതാവ് അറമുഖൻ പറയുന്നു. പരാതിയിൽ പൊലീസ് നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.