‘ഈ ക്രൂരതക്ക് ഈ ശിക്ഷ പോരാ’; അപ്പീൽ പോകുമെന്ന് അനീഷിന്‍റെ ഭാര്യ ഹരിതയും മാതാപിതാക്കളും
text_fieldsപാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയിൽ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യ ഹരിത. പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും ഹരിത ആവശ്യപ്പെട്ടു.
കോടതി വിധിക്കെതിരെ അപ്പീൽ നൽകും. തന്നെയും കൊല്ലുമെന്ന് പ്രതികളുമായി ബന്ധമുള്ള പരിസരവാസികൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഹരിത മാധ്യമങ്ങളോട് പറഞ്ഞു.
ഈ ക്രൂരതക്ക് ഈ ശിക്ഷ പോരെന്ന് അനീഷിന്‍റെ മാതാപിതാക്കളും പ്രതികരിച്ചു. ഇരട്ട ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്. വധശിക്ഷ തന്നെ നൽകണം. സ്നേഹിച്ച കുറ്റത്തിനാണ് തന്‍റെ മകനോട് ഈ ക്രൂരത കാട്ടിയതെന്നും അവർ വ്യക്തമാക്കി.
തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ വീതം പിഴയുമാണ് പാലക്കാട് ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചത്. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ഹരിതയുടെ പിതാവ് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), അമ്മാവൻ ചെറുതുപ്പല്ലൂർ സുരേഷ് (45) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
2020 ഡിസംബർ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിനു സമീപത്താണ് അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ് പിള്ള സമുദായാംഗമായ ഹരിതയും കൊല്ല സമുദായാംഗമായ അനീഷും തമ്മിലുള്ള പ്രണയവിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷമായിരുന്നു കൊലപാതകം. ജാതിയിലും സമ്പത്തിലും താഴ്ന്ന നിലയിലുള്ള അനീഷ് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമായത്.
കോയമ്പത്തൂരിൽ നിന്ന് വിവാഹാലോചന വന്നതിന്റെ പിറ്റേന്നാണ് ഹരിതയും അനീഷും വീട്ടുകാരറിയാതെ വിവാഹിതരായത്. തുടർന്ന് പിതാവ് പ്രഭുകുമാർ കുഴൽമന്ദം സ്റ്റേഷനിൽ പരാതി നൽകി. ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് ഹരിത അറിയിച്ചു.
സ്റ്റേഷനിൽ നിന്നിറങ്ങവെ 90 ദിവസത്തിനകം തന്നെ വകവരുത്തുമെന്ന് പ്രഭുകുമാർ അനീഷിനോട് പറഞ്ഞിരുന്നു. പ്രഭുകുമാറും സുരേഷും പലതവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്‍റെ പിതാവ് ആറുമുഖൻ പൊലീസിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.