അംഗൻവാടി നിയമന വിവാദം; ഐ.സി.ഡി.എസ് ഓഫിസിൽ ബഹളം
text_fieldsശ്രീകണ്ഠപുരം: അംഗന്‍വാടി ഹെല്‍പര്‍മാര്‍ക്ക് നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരത്തെ ഐ.സി.ഡി.എസ് ഓഫിസില്‍ ബഹളം. മാനദണ്ഡങ്ങള്‍ മറികടന്ന് പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്നാരോപിച്ച് ഉദ്യോഗാര്‍ഥിയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്തെ ഇരിക്കൂർ ഐ.സി.ഡി.എസ് ഓഫിസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധമുണ്ടായത്.
കോണ്‍ഗ്രസ് നേതൃത്വവും കോണ്‍ഗ്രസ് ഭരണത്തിലുള്ള നഗരസഭാധികൃതരും ഒത്തുകളിച്ച് അനര്‍ഹരെ നിയമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെ ചൊവ്വാഴ്ച് അഞ്ചുപേര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുകയും ചെയ്തു. ഐ.സി.ഡി.എസിന് കീഴില്‍ ശ്രീകണ്ഠപുരം നഗരസഭ പരിധിയിലെ ചെര്പ്പിണി, കംബ്ലാരി, നിടിയേങ്ങ, മാപ്പിനി, പെരുമ്പറമ്പ എന്നീ അംഗന്വാടികളിലെക്കാണ് ഹെൽപര്മാരെ നിയമിച്ചത്.
ഐ.സി.ഡി.എസിലെ സി.ഡി.പി.ഒ എം. ഷീന കണ്ടത്തിലാണ് ചൊവ്വാഴ്ച അതിരാവിലെ ഓഫിസില്‍ വിളിച്ചുവരുത്തി അഞ്ചുപേര്‍ക്ക് ഉത്തരവ് കൈമാറിയത്. എ. സീത, സോഫിയ ബെന്നി, ഒ.സി. സനിത, കെ.പി. ലത, റീന ഗോവിന്ദന് എന്നിവര്‍ക്കാണ് നിയമനം. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഐച്ചേരിയിലെ കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷീജ ജഗനാഥന്റെ നേതൃത്വത്തിലാണ് ഇതിനെ എതിര്‍ത്ത് രംഗത്തുവന്നത്. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള തന്നെ ബോധപൂര്‍വം തഴഞ്ഞ് അനര്‍ഹരെ തിരുകിക്കയറ്റിയതാണെന്നാരോപിച്ച് ഇവര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് രാവിലെ നിയമന ഉത്തരവ് നല്കിയ നടപടിയുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കിയെന്ന ആക്ഷേപം പാര്‍ട്ടിയിലും വിവാദത്തിനിടയാക്കിയിട്ടുണ്ട്.
ബഹളം നടക്കുന്നതറിഞ്ഞ് സ്ഥലത്ത് പൊലീസും എത്തിയിരുന്നു. നിയമനം നിയമപ്രകാരം മാത്രമാണ് നടന്നതെന്നും യാതൊരു തിരിമറിയും നടന്നിട്ടില്ലെന്നും നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിനയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.