നേതൃത്വത്തിന്റെ നിസ്സംഗതയിൽ മുസ്ലിം ലീഗിൽ അമർഷം
text_fieldsകോഴിക്കോട്: സർക്കാറിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലേറ്റി വിചാരണ നടത്താൻ പി.വി. അൻവർ എം.എൽ.എ തുറന്നുകൊടുത്ത സുവർണാവസരം ഉപയോഗപ്പെടുത്താത്ത നേതൃത്വത്തിന്റെ നിലപാടിനെതിരെ മുസ്ലിം ലീഗിൽ പ്രതിഷേധസ്വരം. അൻവർ പൊട്ടിച്ച ബോംബ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ദിവസങ്ങൾ പിന്നിട്ടിട്ടും നേതൃത്വം മുന്നോട്ടുവരാത്തതിൽ ഒരുവിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. കോൺഗ്രസ് വിഷയം ഏറ്റെടുത്ത് സർക്കാറിനും സി.പി.എമ്മിനുമെതിരെ പോർമുഖം തുറന്നിട്ടും ലീഗ് നേതൃത്വം അറച്ചുനിൽക്കുന്നതിൽ പ്രവർത്തകരും നിരാശരാണ്.
മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിന്റെ നിലപാടുകൾക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ സുജിത്ത് ദാസിനെതിരെ കടുത്ത ആരോപണങ്ങളാണ് ഇപ്പോൾ പി.വി. അൻവർ തൊടുത്തുവിട്ടത്. വയനാട് ദുരന്ത സമയത്ത് മുസ്ലിം ലീഗിന്റെ ഭക്ഷണ വിതരണം തടഞ്ഞതും സംഘ്പരിവാർ ബന്ധവും ഉൾപ്പെടെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ തെളിവുകൾ സഹിതം ഉയർന്ന ആരോപണങ്ങളിലും ലീഗ് പ്രത്യക്ഷ സമരത്തിന് ഇറങ്ങാത്തതെന്ത് എന്നാണ് അണികളെ അതിശയിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങളിൽ നേതൃത്വം മൗനികളാകുന്നു എന്ന ആക്ഷേപവും ശക്തമാണ്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ സംഘ്പരിവാർ ബന്ധം പുറത്തുവന്നത് അതിഗൗരവമുള്ള വിഷയമാണെന്ന് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ഉപാധ്യക്ഷൻ ഡോ. എം.കെ. മുനീർ ‘മാധ്യമ’ത്തോട് പറഞ്ഞു. പൊലീസുകാരെ ഉൾപ്പെടുത്തി ആർ.എസ്.എസ് ‘തത്ത്വമസി’ എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയ കാര്യം നേരത്തേ പുറത്തുവന്നിരുന്നു. കന്യാകുമാരിയിൽ നടന്ന ആർ.എസ്.എസ് ശിബിരവുമായി ബന്ധപ്പെട്ടാണ് ഗ്രൂപ് രൂപവത്കരിച്ചത്. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം ഗ്രൂപ്പിലുണ്ടായിരുന്നു. ഇക്കാര്യം അന്ന് നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചപ്പോൾ പൊലീസുകാർ പങ്കാളികളായ ആർ.എസ്.എസ് ഗ്രൂപ് ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ലഘുലേഖ വിതരണവുമായി ബന്ധപ്പെട്ട് വിസ്ഡം പ്രവർത്തകരെ പൊലീസ് വേട്ടയാടിയപ്പോഴും ഇക്കാര്യം വ്യക്തമായതാണ്. പിന്നീടുണ്ടായ പല സംഭവങ്ങളിലും ഉദ്യോഗസ്ഥരുടെ ആർ.എസ്.എസ് ബന്ധം വ്യക്തമായിട്ടും സി.പി.ഐ നേതാവ് ആനിരാജ വരെ ഇതിനെതിരെ രംഗത്തുവന്നിട്ടും പൊലീസുകാരെ കയറൂരിവിടുന്ന സമീപനമാണ് ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മുനീർ പറഞ്ഞു.
ഭരണപക്ഷ എം.എൽ.എമാർ തന്നെ തങ്ങൾക്ക് സുരക്ഷിതത്വമില്ലെന്നു പറഞ്ഞ് രംഗത്തുവന്നത് സംസ്ഥാനത്തെ ക്രമസമാധാനം പാടെ തകർന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്. പൊലീസ് -മാഫിയ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും മുനീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.