ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോൾ അമർഷവും രോഷവും സ്വാഭാവികം -മുഖ്യമന്ത്രി പിണറായി
text_fieldsരാജ്യത്ത് ഭൂരിപക്ഷ വർഗീയത മൂർത്തീമത്ഭാവം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോൾ അമർഷവും രോഷവും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വർഗീയ ശക്തികളെ തടയാൻ പൊലീസിന് കഴിയുന്നുണ്ടെന്നും പിണറായി പറഞ്ഞു. കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ദിവസത്തെ പോപുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായത് ആസൂത്രിതമായ ആക്രമണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണ് ഉണ്ടായത്. ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അക്രമം നടത്തിയ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വർഗീയ ശക്തികളെ തടയാൻ കേരള പൊലീസിന് നല്ല നിലയിൽ കഴിയുന്നുണ്ട്. കേരള പൊലീസിന്‍റെ ഇടപെടലാണ് പല വിഷയങ്ങളെയും വലിയ സംഭവമായി മാറാതെ തടഞ്ഞതെന്നും പിണറായി വിജയൻ പറഞ്ഞു. വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന ചിലര്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷിപ്ത താൽപര്യങ്ങളുടെ പുറത്ത് വർഗീയ ശക്തികളോട് സമരസപ്പെടാൻ ചിലർ ശ്രമിക്കുന്നു. താൽക്കാലിക നേട്ടത്തിന് വർഗീയ ശക്തികളുടെ സഹായം ചിലർ തേടാറുണ്ട്. രാജ്യത്തെ വർഗീയതയുടെ മൂർത്തിമത്ഭാവം ഭൂരിപക്ഷ വർഗീയതയാണെന്നും ന്യൂനപക്ഷങ്ങളെ ഇതിന്‍റെ പേരിൽ വേട്ടയാടുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ അമർഷത്തെയും രോഷത്തെയും തെറ്റായ രീതിയിൽ തിരിച്ചു വിട്ടാണ് ന്യൂനപക്ഷ വർഗീയതയെ ചിലർ സൃഷ്ടിച്ചത്. ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാമെന്നത് ആത്മഹത്യാപരമാണെന്നും ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആക്രമണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി ഇത്രയും പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ബസ് തകര്‍ത്തും വ്യാപക അതിക്രമങ്ങള്‍ നടത്തിയുമാണ് ഹര്‍ത്താല്‍ മുന്നോട്ടു പോയത്. വളരെ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ് ഇന്നലെ പൊലീസിന്‍റെ സാന്നിധ്യമുണ്ടായത്. അക്രമികളില്‍ നിന്നും സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു സംവിധാനവും പൊലീസ് ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം അക്രമസംഭവങ്ങളെ നേരിടാന്‍ പൊലീസിന് കഴിയുന്നില്ലായെന്നത് ദൗർഭാഗ്യകരമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.