സമഗ്ര വികസനമെന്ന് അനിൽ അക്കര; അനാവശ്യ വിവാദം വികസനം മുടക്കിയെന്ന് മേരി തോമസ്
text_fieldsസമഗ്ര വികസനം -അനിൽ അക്കര എം.എൽ.എ
1. 'നമ്മുടെ വടക്കാഞ്ചേരി' പദ്ധതിയിലൂടെ അംഗങ്ങളായ 25,000 പേർക്ക് നാല് കോടി രൂപയുടെ ചികിത്സ സഹായം ഉറപ്പാക്കി.
2. കുറാഞ്ചേരി ഉരുൾപ്പൊട്ടൽ ദുരന്തത്തിലും പ്രളയത്തിലുമായി വീട് നഷ്ടപ്പെട്ട പത്തുപേർക്ക് 'സ്വരാജ്' പദ്ധതി വഴി പാർപ്പിടം നിർമിച്ചു.
3. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 3.54 കോടി രൂപ ചെലവിട്ട് റേഡിയേഷൻ സെൻറർ, കോവിഡ് കാലത്ത് നെഞ്ചുരോഗാശുപത്രിയിൽ പ്രത്യേക ചികിത്സ സൗകര്യം.
4. കിഫ്ബി ഫണ്ട് 11 കോടി ഉപയോഗിച്ച് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് ഹൈടെക് ആക്കി.
5. തകർന്ന പുഴയ്ക്കൽ പാലം അതിവേഗം പുനഃസ്ഥാപിച്ചു.
6. തൃശൂർ-വടക്കാഞ്ചേരി-അകമല റോഡ്, അത്താണി- ഗവ. മെഡിക്കൽ കോളജ് റോഡ് എന്നിവയുടെ നിലവാരം മികച്ചതാക്കി.
7. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ, വെടിപ്പാറ ഉൾപ്പെടെ ആറ് കോളനികളിൽ സമഗ്ര വികസനം നടത്തി.
8. സംസ്ഥാന പാതയിലെ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ, കോലഴി, തിരൂർ ജങ്ഷനുകൾ നവീകരിച്ചു.
അനാവശ്യ വിവാദം വികസനം മുടക്കി-മേരി തോമസ്, എൽ.ഡി.എഫ്
1. വടക്കാഞ്ചേരി ജില്ല ആശുപത്രിക്കായി എം.എൽ.എ ഫണ്ട് ഒരു രൂപ പോലും നൽകിയില്ല
2. വിവാദങ്ങളിലൂടെ മാത്രം സജീവമായ എം.എൽ.എ വികസന പ്രവർത്തനങ്ങളൊന്നും നടത്തിയില്ല.
3. സംസ്ഥാന സർക്കാറിെൻറ മണ്ഡല വികസനവും പൊതുമരാമത്ത് നിരത്ത് വിഭാഗത്തിെൻറ പതിവ് സംസ്ഥാന പാത പ്രവർത്തനങ്ങളും മാത്രമാണ് നടന്നത്.
5. മലയോര മേഖലയിലെ പ്രശ്നങ്ങളിൽ എം.എൽ.എ. ഇടപെട്ടില്ല. ജില്ല -ബ്ലോക്ക് പഞ്ചായത്തുകൾ ഇടപെട്ടാണ് റോഡുകൾ വീണ്ടെടുത്തത്.
6. വാഴാനി, ചെപ്പാറ, പത്താഴകുണ്ട് ടൂറിസം ഇടനാഴി, അത്താണി വ്യവസായ എസ്റ്റേറ്റ് എന്നിവയുടെ വികസനത്തിനായി ഒന്നും ചെയ്തില്ല.
7. പാവപ്പെട്ടവർക്കുള്ള ഫ്ലാറ്റ് സമുച്ചയം അനാവശ്യ വിവാദമുണ്ടാക്കി മുടക്കിയ എം.എൽ.എ കുറാഞ്ചേരി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നൽകിയെന്ന തെറ്റായ പ്രചാരണത്തിലൂടെ ജനവഞ്ചന നടത്തി. പ്രളയ ദുരന്തത്തിൽപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ, സഹകരണ സ്ഥാപനങ്ങൾ, ഇൻഷുറൻസ് എന്നിവ മുഖേനയാണ് വീട് നൽകിയത്.
ഞങ്ങൾക്കും പറയാനുണ്ട്
ഗതാഗത തടസ്സം, യാത്രാദുരിതം-വി.കെ. അശോകൻ, ഓട്ടോ തൊഴിലാളി
സംസ്ഥാന പാതയിലെ വടക്കാഞ്ചേരി-ഓട്ടുപാറ ടൗണിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് ഗതാഗതകുരുക്ക് ഒഴിവാക്കൽ നടപടി പൂർത്തീകരിക്കാത്തതിനാൽ ഗതാഗത തടസ്സം നിത്യസംഭവമായി യാത്ര ദുരിതമാണ്.
വടക്കാഞ്ചേരി ബൈപാസ് യാഥാർഥ്യമായിട്ടില്ല. ജനപ്രതിനിധികളുടെ രാഷ്ട്രീയ ചേരിതിരിവ് ജനകീയ വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുന്നുവെന്ന ആശങ്കയിൽ.
പറയാവുന്ന വികസന പ്രവർത്തനമില്ല -സുധാകരൻ വടക്കാഞ്ചേരി,സാഹിത്യകാരൻ
സർക്കാർ നേരിട്ട് നടത്തിയ സ്കൂൾ, മെഡിക്കൽ കോളജ്, ഗതാഗത സൗകര്യങ്ങൾ മാറ്റിവെച്ചാൽ എം.എൽ.എയുടെ ഭാഗത്തുനിന്ന് എടുത്തു പറയാവുന്ന പ്രവർത്തനം നടന്നില്ല .
സാമൂഹിക-സാംസ്കാരിക ഇടങ്ങളിലും കായിക സംരംഭങ്ങളിലും സ്ഥലം എം.എൽ.എയുടെ സജീവമായ ഇടപെടലോ ശ്രമങ്ങളോ ശ്രദ്ധയിൽ പെട്ടിട്ടില്ല. തദ്ദേശ വകുപ്പിെൻറ വികസന പ്രവർത്തനങ്ങളെ കക്ഷിരാഷ്ട്രീയത്തിെൻറ പേരിൽ പിറകോട്ടു വലിക്കാനുള്ള ശ്രമം ജനങ്ങളുടെ അപ്രീതിക്ക് കാരണമായിട്ടുണ്ട്.
റോഡുകൾ മികച്ചതാക്കി -എ.ആർ. ഫർസാന, പ്ലസ് വൺ വിദ്യാർഥിനി
കൊറോണക്കാലത്ത് മെഡിക്കൽ കോളജിൽ കൊറോണ വാർഡ് നിർമിക്കാനും മെഡിക്കൽ കോളജിൽ സാധ്യമായ നവീകരണത്തിനും നേതൃത്വം നൽകി.
കുടിവെള്ളക്ഷാമം ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. വടക്കാഞ്ചേരി നഗരസഭയും എം.എൽ.എയും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ ഇല്ലാതെയാക്കി നഗരസഭ വികസനത്തിന് മുൻതൂക്കം നൽകണം.
സി.എൻ തുടങ്ങിവെച്ചത് പൂർത്തിയാക്കാൻ കഴിഞ്ഞു-അഡ്വ. ടി.എസ്. മായാദാസ്, സാമൂഹിക പ്രവർത്തകൻ
മണ്ഡലത്തിൽ മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ തുടക്കം കുറിച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ അനിൽ അക്കരക്കായിട്ടുണ്ട്. മികച്ച റോഡുകൾ, മെഡിക്കൽ കോളജ് വികസനം, തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വടക്കാഞ്ചേരി ജില്ല ആശുപത്രിയിലേയും തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേയും ഡയാലിസിസ് യൂനിറ്റുകൾ, മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്രദമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർക്കായി 'സ്വരാജ്' അവാർഡ് വിതരണം, മുഴുവൻ തെരുവു വിളക്കുകളും സൗരോർജ വിളക്കുകളാക്കി മാറ്റൽ, എന്നിവ ശ്രദ്ധേയ പദ്ധതികളാണ്. 'നമ്മുടെ വടക്കാഞ്ചേരി' പദ്ധതിയുടെ ഭാഗമായി ഒമ്പതുപേർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമായി. വികസനത്തിലേക്ക് നാടിനെ നയിക്കാൻ അനിൽ അക്കരക്ക് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.