'കരുവന്നൂരിന്റെ അപ്പനാണ് അയ്യന്തോൾ ബാങ്ക്'; ഗുരുതര ആരോപണങ്ങളുമായി അനിൽ അക്കര
text_fieldsതൃശ്ശൂര്‍: അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ നടക്കുന്നത് വൻ തട്ടിപ്പെന്ന് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. കരുവന്നൂർ സഹകരണ ബാങ്കിനേക്കാൾ വലിയ തട്ടിപ്പാണെന്നും 100 കോടിയോളം രൂപ അയ്യന്തോൾ ബാങ്കിന് നഷ്ടമായിട്ടുണ്ടെന്നും അനിൽ അക്കര ഫെയ്സ് ബുക്കിൽ കുറിച്ചു.
നിരവധി കുടുംബങ്ങൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ബാങ്ക് ഭരണസമിതിയും ഈ സഹകരണകൊള്ള മാഫിയയും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അനിൽ അക്കരയുടെ ഫെയ്ബുക്ക് പോസ്റ്റ്
"അയ്യന്തോൾ ബാങ്ക് കേന്ദ്രീകരിച്ചു നമ്മൾ വിചാരിക്കുന്നതിനേക്കാൾ വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത് നിരവധി ആളുകൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട് അതിൽ ഒരു കുടുംബമാണ് ചിറ്റി ലപിള്ളി വില്ലേജിലെ ഒരു റിട്ടയർ അധ്യാപികക്ക് സംഭവിച്ചത്.
അമലനഗർ ജില്ലാ ബാങ്കിലുണ്ടായിരുന്ന അവരുടെ ലോൺ ഈ തട്ടിപ്പ് സംഘം അടയ്ക്കുകയും തുടർന്ന് കുടുംബത്തിലെ മൂന്ന് ആളുകളുടെ പേരിൽ അയ്യന്തോൾ ബാങ്കിൽനിന്ന് 25ലക്ഷം രൂപ വീതം 75ലക്ഷം രൂപ ലോൺ എടുക്കുകയും അതിൽനിന്ന് 15ലക്ഷം ഈ കുടുംബത്തിനും 10ലക്ഷം ജില്ലാ ബാങ്കിൽ അടച്ച തുകയിലേക്കും കഴിച്ച് ബാക്കി സംഖ്യ 50ലക്ഷം രൂപ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. ഇപ്പോൾ ഇവർക്ക് 150ലക്ഷം രൂപ അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്നാണ് ബാങ്ക് നോട്ടീസ് അയച്ചിട്ടുള്ളത്.
എന്നാൽ ഇവർക്ക് ലോൺ അനുവദിച്ചിട്ടുള്ളത് ഒളരി വിലാസത്തിലാണ്, ഇവർക്ക് അങ്ങിനെ ഒരു വിലാസവും ഇല്ല, ബാങ്ക് ഭരണസമിതിയും ഈ സഹകരണകൊള്ള മാഫിയയും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയിട്ടുള്ളത്. അയ്യന്തോൾ പിനാക്കൾ ഫ്ലാറ്റിന്റെ വിലാസത്തിൽ നൂറുകണക്കിന് ലോണാണ് അനുവദിച്ചിട്ടുള്ളത്, എന്നാൽ ഈട് നൽകിയിട്ടുള്ള ആധാരം ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ളതാണ്. ഈ വെട്ടിപ്പിൽ ഈ കണക്ക് ശരിയാണെങ്കിൽ നൂറ് കോടിയിൽ അധികം ബാധ്യത അയ്യന്തോൾ ബാങ്കിന് ഉണ്ടാകും. അയ്യന്തോൾ കരുവന്നൂരല്ല
കരുവന്നൂരിന്റെ അപ്പനാണ്"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.