ബി.ജെ.പിയിലേക്കുള്ള വഴി തുറന്ന് അനിൽ ആന്റണി? : ‘2024ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാനുള്ള മികച്ച അവസരം’
text_fieldsന്യൂഡൽഹി: കോൺഗ്രസിനെ രൂക്ഷമായി എതിർത്ത്, ബി.ജെ.പിയിലേക്കുള്ള വഴി സുഗമമാക്കി എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി. റിപബ്ലിക് ടി.വി. ചാനൽ ചർച്ചയിൽ കോൺഗ്രസിനെയും നേതാക്കളെയും കടുത്തഭാഷയിൽ വിമർശിച്ച അനിൽ, 2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് ട്വിറ്ററിൽ കുറിച്ചു. ഇക്കഴിഞ്ഞ ജനുവരി വരെ എഐസിസി സോഷ്യൽ മീഡിയ നാഷണൽ കോ ഓർഡിനേറ്റർ ആയിരുന്നു അനിൽ.
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ് നടത്തിയ പരാമർശത്തെയും ചാനല്‍ ചര്‍ച്ചയില്‍ കടുത്തഭാഷയിൽ വിമര്‍ശിച്ചു. സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവാണ് സ്‌മൃതിയെന്നും കോൺഗ്രസുകാർ ചിലരെ തള്ളിക്കൊണ്ടു വരുന്നുണ്ടെങ്കിലും അവർ എവിടെയും എത്തുന്നില്ലെന്നും പരിഹസിച്ചു.
"കോണ്‍ഗ്രസ് ഏതാനും ചിലരെ മാത്രം വളര്‍ത്തുന്നു. സ്‌മൃതിയെപ്പോലുള്ളവരെ അവഹേളിക്കുന്നതാണോ കോണ്‍ഗ്രസിന്‍റെ സ്‌ത്രീ ശാക്തീകരണം. കഴിഞ്ഞ കുറേക്കാലങ്ങളായി ഏതാനും വ്യക്തികളുടെ താല്‍പര്യ സംരക്ഷണം മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായ ദേശീയ താല്‍പര്യത്തിനായി ആ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല. കര്‍ണാടകയില്‍ ബി.ജെ.പിയും ജെ.ഡി.എസും അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പ്രശ്നമല്ല കോൺഗ്രസിന്റെ പ്രശ്നം, കോൺഗ്രസിന്റെ പ്രശ്നമല്ല രാജ്യത്തിന്റെ പ്രശ്നം എന്ന് കോൺഗ്രസ് തിരിച്ചറിയണം" - അനില്‍ പറഞ്ഞു.
‘പാർട്ടി പദവിയിൽ നിന്ന് ഞാൻ രാജിവെച്ച ദിവസം മുതൽ, എന്റെ ഇൻബോക്സും കമന്റ് സെക്ഷനുകളും അവരുടെ വൃത്തികെട്ട അധിക്ഷേപങ്ങളാൽ നിറഞ്ഞിരിക്കുന്നു. വസ്തുനിഷ്ഠമായ ഒരു രാഷ്ട്രീയ വാദവും ഉന്നയിക്കാൻ കഴിയാത്ത, സംസ്ക്കാരമില്ലാത്ത വായ ഉണ്ടാവുക എന്നത് കോൺഗ്രസിന്റെ പുതിയ അടിസ്ഥാന മാനദണ്ഡമായി മാറിയിരിക്കുന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണ്’ -അനിൽ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.