കാണാനെത്തി അനിൽ ആന്‍റണി; മധുരം നൽകി സ്വീകരിച്ച് പി.സി. ജോർജ്
text_fieldsപത്തനംതിട്ട: പത്തനംതിട്ട സീറ്റ് കിട്ടാത്തതിൽ ഉടക്കി നിൽക്കുന്ന പി.സി. ജോർജിനെ സന്ദർശിച്ച് ബി.ജെ.പി സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട അനിൽ ആന്‍റണി. പൂഞ്ഞാറിലെ വീട്ടിലെത്തിയ അനിൽ ആന്‍റണിയെ മധുരം നൽകിയാണ് പി.സി. ജോർജ് സ്വീകരിച്ചത്. പി.സി. ജോർജിന്‍റെ പിന്തുണ നേടിയ ശേഷം മണ്ഡല പര്യടനം തുടങ്ങുമെന്ന് നേരത്തെ തന്നെ അനിൽ ആന്‍റണി അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് സന്ദർശനത്തിന് എത്തിയത്.
സന്ദർശന ശേഷം ഇരുവരും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. മണ്ഡലത്തിലുടനീളം അനിൽ ആന്‍റണിയെ പരിചയപ്പെടുത്താൻ കൂടെയുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിന് തന്‍റെ ആവശ്യമില്ലെന്നും ബി.ജെ.പിക്ക് ആവശ്യത്തിലധികം പ്രവർത്തകരുണ്ടെന്നുമായിരുന്നു പി.സി. ജോർജിന്‍റെ മറുപടി. മണ്ഡലത്തിലെ പോകേണ്ട സ്ഥലങ്ങളിൽ പോകും. പത്തനംതിട്ട അല്ലാതെ മറ്റൊരു സ്ഥലത്തും സ്ഥാനാർത്ഥിയാകില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്നത് എന്‍റെ തീരുമാനമല്ല, ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ച കാര്യമാണെന്ന് അനിൽ ആന്‍റണി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തനിക്ക് പത്തനംതിട്ടയിൽ വിജയസാധ്യതയുള്ള സീറ്റ് ലഭിച്ചതിൽ ഒരുപാട് പേർക്ക് വിഷമം കാണും. അവരുടെ വിഷമം കൂടാൻ പോകുന്നതേയുള്ളൂ, കാരണം ഞാൻ അവിടെ വിജയിക്കും- അനിൽ ആന്‍റണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.