‘അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടി, ഒരു ലക്ഷം വോട്ട് തികക്കില്ല’; കർഷക മോർച്ച നേതാവിനെ ബി.ജെ.പി പുറത്താക്കി
text_fieldsപത്തനംതിട്ട: പി.സി. ജോർജിനെ സ്ഥാനാർഥിയാക്കാത്തതിൽ പത്തനംതിട്ട ബി.ജെ.പിയിൽ പൊട്ടിത്തെറി. സ്ഥാനാർഥി അനിൽ ആന്‍റണിയെ സ്ഥാനാർഥിയാക്കിയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കർഷക മോർച്ച നേതാവ് ശ്യാം തട്ടയിൽ രംഗത്തെത്തി.
‘അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്നും അനിൽ ആന്‍റണി ഒരു ലക്ഷം വോട്ട് തികക്കില്ലെ’ന്നും ശ്യാം തട്ടയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കി.
വിമർശനത്തിന് പിന്നാലെ ശ്യാം തട്ടയിലിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പാർട്ടിയിൽ നിന്ന് പുറത്താക്കി. എന്നാൽ, ശനിയാഴ്ച തന്നെ പാർട്ടിയുടെ സംഘടനാ ചുമതലയിൽ നിന്ന് രാജിവെച്ചിരുന്നതായി ശ്യാം മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. പി.സി. ജോർജിനെ സഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഔദ്യോഗിക പദവി ഉപേക്ഷിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥാനാർഥിത്വം ഉറപ്പിച്ച പി.സി. ജോർജ് സഭ നേതാക്കളെയും മറ്റും കണ്ട് പിന്തുണ ഉറപ്പാക്കി പ്രചാരണ പ്രവർത്തനങ്ങൾ അനൗപചാരികമായി തുടങ്ങുകയും ചെയ്തതിനിടെയാണ് വെള്ളാപ്പള്ളി നടേശൻ ജോർജിനെതിരെ തിരിഞ്ഞത്. പിന്നാലെ മകൻ തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബി.ഡി.ജെ.എസും ജോർജ് സ്ഥാനാർഥിയായാൽ സഹകരിക്കില്ലെന്ന നിലപാടുമായി രംഗത്തെത്തി. ഈ സാഹചര്യത്തിൽ കെ. സുരേന്ദ്രനോ, കേന്ദ്രമന്ത്രി വി. മുരളീധരനോ ജോർജിന്റെ രക്ഷക്കെത്താൻ തയാറായില്ലെന്നാണ് ജോർജിനെ പിന്തുണക്കുന്നവരുടെ പരാതി.
മനസ് കൊണ്ട് പി.സി. ജോർജിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചിരുന്ന ജില്ലയിലെ ഒരുവിഭാഗം ബി.ജെ.പി നേതാക്കളും ബി.ജെ.പിയിൽ ലയിച്ച ജനപക്ഷത്തിന്റെ നിലപാടിന് പിന്തുണയുമായി രംഗത്തുണ്ട്. ബി.ജെ.പിയിൽ ലയിക്കുന്നതിനുമുമ്പ് എൻ.ഡി.എയിൽ ഘടകകക്ഷിയാകാനാണ് ജനപക്ഷം ശ്രമിച്ചത്. അവിടെയും ബി.ഡി.ജെ.എസിന്റെ എതിർപ്പാണ് തടസമായത്. ഒടുവിൽ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടാണ് പി.സി. ജോർജിനെയും മകനെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് മെംബർഷിപ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.