അനിലിന്‍റെ ബി.ജെ.പി പ്രവേശനത്തിന്‍റെ ആഘാതത്തിൽ ആന്‍റണിയും കോൺഗ്രസും
text_fieldsതിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകൻ ബി.ജെ.പിയിൽ ചേക്കേറിയത് പല കോൺഗ്രസ് നേതാക്കളും പ്രതീക്ഷിച്ചതാണെങ്കിലും ഇത്ര വേഗത്തിലാകുമെന്ന് കരുതിയിരുന്നില്ല.
താമരക്കളത്തിലേക്ക് അനിലിന്‍റെ പോക്ക് സി.പി.എമ്മിനും ബി.ജെ.പിക്കും മികച്ച രാഷ്ട്രീയ ആയുധവും മതേതര നിലപാടുകൾ എന്നും ഉയർത്തിപ്പിടിച്ച ആന്‍റണിക്ക് വ്യക്തിപരമായും രാഷ്ട്രീയമായും കനത്ത തിരിച്ചടിയുമായി. മോദിക്കെതിരായ വിമർശനം കടുപ്പിക്കുന്ന സാഹചര്യത്തിൽ മുതിർന്ന നേതാവിന്‍റെ മകൻ ബി.ജെ.പിയിൽ ചേരുന്നത് മറുപടി പോലും പറയാൻ കഴിയാത്ത സ്ഥിതിയിലേക്ക് കോൺഗ്രസിനെ എത്തിച്ചിട്ടുണ്ട്. ആന്‍റണിയുടെ മകനായതിനാൽ വിമർശനത്തിൽ മിതത്വം പാലിക്കുകയാണ് നേതാക്കൾ.
അനിൽ ആന്‍റണിയെന്ന വ്യക്തിയെ അല്ല, ആറു പതിറ്റാണ്ടിലേറെ രാഷ്ട്രീയരംഗത്ത് പ്രശോഭിതനായി നിന്ന ആന്‍റണിയുടെ വിലാസം ഉപയോഗപ്പെടുത്താനാകും ബി.ജെ.പി ശ്രമിക്കുക. അനിലിന്‍റെ പോക്കിൽ സമൂഹ മാധ്യമങ്ങളിൽ ആന്‍റണിക്കെതിരെ കടുത്ത വിമർശനമുയരുന്നുണ്ട്. കോൺഗ്രസ് നേതാക്കൾ അനിലിനെ തള്ളുമ്പോഴും ആന്‍റണിക്ക് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു. ബി.ജെ.പിയിലേക്കുള്ള പോക്ക് പിതാവുമായി അനിൽ ചർച്ച ചെയ്തിരുന്നില്ലെന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്.
ആന്‍റണിയുടെ മകൻ ബി.ജെ.പിയിൽ ചേർന്നത് കോൺഗ്രസിന് വലിയ നാണക്കേടാണ്. ആദർശ രാഷ്ട്രീയത്തിന്‍റെ പ്രതിരൂപമാണ് ദേശീയ രാഷ്ട്രീയത്തിൽ ആന്‍റണി. അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തെ അപ്പാടെ തള്ളിയാണ് മകൻ ബി.ജെ.പി പാളയത്തിലെത്തിയത്.ബി.ബി.സി വിവാദത്തോടെ തന്നെ അനിൽ പാർട്ടിയുമായി അകന്നിരുന്നു. പാർലമെന്‍റ് തെരഞ്ഞെടുപ്പിലടക്കം കോൺഗ്രസിന് ഇത് പ്രയാസം സൃഷ്ടിക്കും. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനാകില്ലെന്നും നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണെന്നും സി.പി.എം നിരന്തരം വിമർശിക്കുകയാണ്. ഇതിന് സാധൂകരണം നൽകാൻ അനിലിന്‍റെ നിലപാട് ഇടതുപക്ഷം ആയുധമാക്കും.
ആന്‍റണിയുടെ മകൻ എന്നതിലപ്പുറം അനിലിന് പാർട്ടിയിലോ സംസ്ഥാനത്തോ സ്വാധീനമില്ല. പുറത്തുപോകേണ്ടവർക്ക് പോകാമെന്നാണ് നേരത്തേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നത്.
വളഞ്ഞ വഴിയിൽ അനിലിനെ പാർട്ടിയിൽ കൊണ്ടുവന്നതിനെ കുറ്റപ്പെടുത്തുകയാണ് യുവനേതാക്കൾ. ആന്‍റണിയുടെ മകൻ ബി.ജെ.പിയിൽ ചേർന്നതിനു പിന്നാലെ, ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ചിത്രം ചാണ്ടി ഉമ്മൻ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.