അനിൽ ആന്റണി എല്ലായിടത്തും സ്വയം പരാജയം അടയാളപ്പെടുത്തിയയാൾ -എ.എ. റഹീം
text_fieldsതിരുവനന്തപുരം: കോൺൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അനിൽ കെ. ആന്റണി ഇടപെട്ട എല്ലായിടത്തും സ്വയം പരാജയം അടയാളപ്പെടുത്തിയ ഒരാളാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി. അനിലിനെക്കൊണ്ട് ബിജെപിക്ക് ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. അംഗത്വം സ്വീകരിച്ചതിന് ശേഷം അനിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലും ആത്മവിശ്വാസമില്ലാത്ത ഒരാളെ മാത്രമേ കാണാനാകൂ. പക്ഷേ, കോൺഗ്രസ്സിന് മറുപടിപറയാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും -റഹീം അഭിപ്രായപ്പെട്ടു.
‘വർഗീയതയുമായി പലപ്പോഴും കോൺഗ്രസ്സ് ഒത്തുതീർപ്പ് നടത്തിയതിന്റെ ദുരന്തമാണ് അവർ അനുഭവിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഇന്ത്യക്ക് വേണ്ടി കൈകോർക്കുമ്പോൾ ബിജെപിക്ക് ഊർജ്ജം നല്കാൻ കോൺഗ്രസ്സിലെ ഒരു വിഭാഗം മത്സരിക്കുകയാണ്. എനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിൽ പോകും എന്നുപറഞ്ഞ നേതാവ് ഇന്ന് കെപിസിസി അധ്യക്ഷനാണ് എന്നോർക്കണം. ബിജെപിയിൽ ചേരാൻ ഇങ്ങനെ പ്രേരണയും ആത്മവിശ്വാസവും നൽകുന്നത് കെപിസിസി അധ്യക്ഷൻ തന്നെയാണെന്നോർക്കണം. സുധാകരന്റെ ആർഎസ്എസ്, ബിജെപി അനുകൂല പ്രസ്താവനകൾ തിരുത്താൻ ഈ നിമിഷം വരെ ഒരു ഹൈക്കമാന്റും തയ്യാറായിട്ടില്ല.
ഇന്നത്തെ കോൺഗ്രസ് നേതാക്കൾ നാളത്തെ ബിജെപിയാണ്. ഇത് ഏറെക്കാലമായി നാടിന് മനസ്സിലായ കാര്യമാണ്. കേരളത്തിലെ ഏത് കോൺഗ്രസ് നേതാവും അവരുടെ മക്കളും ഏത് നിമിഷവും ബിജെപിയിൽ പോയേക്കും എന്ന സന്ദേശമാണ് അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനം കൂടുതൽ വ്യക്തമാക്കുന്നത്’ -റഹീം പറഞ്ഞു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
എ കെ ആന്റണി കോൺഗ്രസ്സിന്റെ മുഖമാണ്. ആന്റണിയുടെ മകന് ബിജെപിയിൽ ചേരാമെങ്കിൽ കേരളത്തിലെ ഏതൊരു കോൺഗ്രസ്സ് നേതാവും ബിജെപിയിൽ ചേരുമെന്ന സന്ദേശമാണ് ഇന്നത്തെ ദിവസം നൽകുന്നത്.
അനിൽ ആന്റണിയെക്കൊണ്ട് ബിജെപിയ്ക്ക് ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. ഇടപെട്ട എല്ലായിടത്തും സ്വയം പരാജയം അടയാളപ്പെടുത്തിയ ഒരാളാണ് അനിൽ കെ ആന്റണി. അംഗത്വം സ്വീകരിച്ചതിന് ശേഷം അനിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലും ആത്മവിശ്വാസമില്ലാത്ത ഒരാളെ മാത്രമേ കാണാനാകൂ.
പക്ഷേ കോൺഗ്രസ്സിന് മറുപടിപറയാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും.
കോൺഗ്രസ്സ്, അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കുന്നില്ല. വർഗ്ഗീയതയുമായി പലപ്പോഴും കോൺഗ്രസ്സ് ഒത്തുതീർപ്പ് നടത്തിയതിന്റെ ദുരന്തമാണ് അവർ ഈ അനുഭവിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യക്ക് വേണ്ടി കൈകോർക്കുമ്പോൾ ബിജെപിക്ക് ഊർജ്ജം നല്കാൻ കോൺഗ്രസ്സിലെ ഒരു വിഭാഗം മത്സരിക്കുകയാണ്.
എനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിൽ പോകും എന്നുപറഞ്ഞ നേതാവ് ഇന്ന് കെപിസിസി അധ്യക്ഷനാണ് എന്നോർക്കണം. അദ്ദേഹം ആർഎസ്എസിന്റെ ശാഖയ്ക്ക് കാവൽ നില്ക്കാൻ കോൺഗ്രസുകാരെ വിട്ടതിൽ അങ്ങേയറ്റം അഭിമാനിക്കുന്ന ആളാണ്. ബിജെപിയിൽ ചേരാൻ ഇങ്ങനെ പ്രേരണയും ആത്മവിശ്വാസവും നൽകുന്നത് കെപിസിസി അധ്യക്ഷൻ തന്നെയാണെന്നോർക്കണം. ശ്രീ സുധാകരന്റെ ആർഎസ്എസ്, ബിജെപി അനുകൂല പ്രസ്താവനകൾ തിരുത്താൻ ഈ നിമിഷം വരെ ഒരു ഹൈക്കമാന്റും തയ്യാറായിട്ടില്ല എന്നോർക്കണം.
ഇന്നത്തെ കോൺഗ്രസ്സ് നേതാക്കൾ നാളത്തെ ബിജെപിയാണ്. ഇത് ഏറെക്കാലമായി നാടിന് മനസ്സിലായ കാര്യമാണ്. കേരളത്തിലെ ഏത് കോൺഗ്രസ്സ് നേതാവും, അവരുടെ മക്കളും ഏത് നിമിഷവും ബിജെപിയിൽ പോയേയ്ക്കും എന്ന സന്ദേശമാണ് അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം കൂടുതൽ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.