വണ്ടൂരിൽ അനിൽകുമാർ തുടരും; നിലമ്പൂരിൽ വി.വി. പ്രകാശ് മത്സരിച്ചേക്കും
text_fieldsമലപ്പുറം: ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന നാലു മണ്ഡലങ്ങളിെല സ്ഥാനാർഥി ചർച്ചകൾ സജീവം. നിലമ്പൂർ, വണ്ടൂർ, തവനൂർ, പൊന്നാനി സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. വണ്ടൂരിൽ സിറ്റിങ് എം.എൽ.എ എ.പി. അനിൽകുമാർതന്നെ മത്സരിക്കും. പി.വി. അൻവറിലൂടെ ഇടതുപക്ഷം പിടിച്ചെടുത്ത നിലമ്പൂരിൽ ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശിെൻറ പേരാണ് മുന്നിലുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിൽ അഞ്ചിടത്തും യു.ഡി.എഫാണ് ജയിച്ചത്. നിലമ്പൂർ നഗരസഭയാണ് അപ്രതീക്ഷിതമായി യു.ഡി.എഫിനെ കൈവിട്ടത്. പാർട്ടിക്കുള്ളിലെ ചേരിതിരിവുകളും പ്രശ്നങ്ങളുമാണ് നഗരസഭയിലെ പരാജയത്തിലേക്ക് നയിച്ചതിന് കാരണമായി പറയുന്നത്.
യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് മണ്ഡലത്തിൽ എന്നാണ് വിലയിരുത്തൽ. അതിനാൽ പൊതുസമ്മതനായ സ്ഥാനാർഥിയാണെങ്കിൽ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. തവനൂർ, പൊന്നാനി സീറ്റുകളിൽ ആര്യാടൻ ഷൗക്കത്ത്, റിയാസ് മുക്കോളി, സിദ്ദീഖ് പന്താവൂർ, എ.എം. രോഹിത് എന്നിവരിലാരെങ്കിലുമായിരിക്കും സ്ഥാനാർഥികളാവുക.
മന്ത്രി കെ.ടി. ജലീലിെൻറ തട്ടകമായ തവനൂരിൽ ശക്തനായ സ്ഥാനാർഥിയുണ്ടായാൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. നിലവിെല സാഹചര്യത്തിൽ കെ.ടി. ജലീലും പി. ശ്രീരാമകൃഷ്ണനും തന്നെയാവും ഇൗ മണ്ഡലങ്ങളിൽ എതിരാളികൾ. പൊന്നാനി സീറ്റ് ഐ ഗ്രൂപ്പിനും തവനൂർ എ ഗ്രൂപ്പിനുമാണ് സാധാരണ നൽകാറുള്ളത്.
ഇത്തവണയും ഗ്രൂപ് സമവാക്യം അനുസരിച്ചായിരിക്കും സ്ഥാനാർഥികളെ തീരുമാനിക്കുക. തവനൂർ സീറ്റ് മുസ്ലിം ലീഗിന് നൽകി പകരം മറ്റൊരിടത്ത് കോൺഗ്രസ് മത്സരിക്കാൻ പോകുന്നു എന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്നും അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.