തിരികെ വരുമെന്ന വാർത്ത കേൾക്കാൻ അനിൽ പനച്ചൂരാൻ ഇല്ല
text_fieldsകായംകുളം: തിരികെ വരുമെന്ന വാർത്ത കേൾക്കാനായി ഇനി അനിൽ പനച്ചൂരാൻ ഇല്ല. പനച്ചൂരാെൻറ ആകസ്മിക വിയോഗം സ്വദേശമായ കായംകുളം ഞെട്ടലോടെയാണ് ശ്രവിച്ചത്. കോവിഡ് ബാധിതനാണെങ്കിലും മരണം അതിലൂടെ മാടിവിളിക്കുമെന്ന് ബന്ധുക്കളോ സുഹൃത്തുക്കളോ കരുതിയിരുന്നില്ല. ഞായറാഴ്ച രാത്രിയോടെയാണ് വിയോഗവാർത്ത ഒാണാട്ടുകരയിലേക്ക് എത്തുന്നത്.
കായംകുളം ഗവ. ഹൈസ്കൂളിലെ പഠനകാലയളവിലെ സാഹിത്യമേഖലയിൽ ശ്രദ്ധേയനായി മാറിയിരുന്നു. വാറങ്കൽ കാകതീയ സർവകലാശാല പഠനം കഴിഞ്ഞ് അഞ്ചുവർഷം സന്യാസജീവിതത്തിലേക്ക് തിരിഞ്ഞു. പിന്നീടാണ് അഭിഭാഷകവൃത്തിയിലേക്ക് തിരിയുന്നത്. ഇതോടൊപ്പം കവിതയും പാട്ടും ജീവിതത്തോട് ചേരുകയായിരുന്നു. 19ാം വയസ്സിൽ ആദ്യ കവിതസമാഹാരമായ 'സ്പന്ദനങ്ങൾ' പ്രസിദ്ധീകരിച്ചിരുന്നു. മൂന്നുരൂപ വില നിശ്ചയിച്ച പുസ്തകം വിറ്റാണ് പലപ്പോഴും വിശപ്പടക്കിയതെന്ന് സുഹൃത്തുക്കളോട് പങ്കുവെച്ചിട്ടുണ്ട്. 'വലയിൽ വീണ കിളികൾ' ഇതിലെ ആദ്യ കവിതയായിരുന്നു.
കായംകുളം പട്ടണത്തിലെ കടത്തിണ്ണകളിൽ അഭയം കണ്ടെത്തിയിരുന്ന 'മനോനില തെറ്റിയ അമ്മയും മകളും' ഇതിവൃത്തമായ 'രണ്ട് പേേക്കാലങ്ങൾ' കവിതയും ശ്രദ്ധേയമായിരുന്നു. 'ചിറകാർന്ന മൗനവും ചിരിയിലൊതുങ്ങി' എന്ന പാട്ട് അന്ധനായ മുഹമ്മദ് യൂസഫ് സംഗീതം നൽകിയതിലൂടെയും ശ്രദ്ധേയമായി. വൈലോപ്പള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള സിനിമയുടെ തയാറെടുപ്പിനിടയിലാണ് മരണം മാടിവിളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.