അനിൽ പനച്ചൂരാൻ അന്തരിച്ചു
text_fieldsതിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (55-അനിൽകുമാർ പി.യു) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി എട്ടിനായിരുന്നു അന്ത്യം. വീട്ടിൽ തലചുറ്റിവീണതിനെതുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.
2007 ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന സിനിമയിലെ 'ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന...' എന്ന ഗാനത്തിലൂടെ പ്രസിദ്ധനായ അനിൽ പനച്ചൂരാൻ ഗാനരംഗത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു ബാർബറാം ബാലൻ' തുടങ്ങി നിരവധി ജനപ്രിയ ഗാനങ്ങൾ അദ്ദേഹത്തിേന്റതായിട്ടുണ്ട്. കാട് പ്രമേയമായി പുതിയ സിനിമ തയാറാക്കുന്നതിന്‍റെ ഒരുക്കങ്ങളിലിരിക്കെയാണ് അദ്ദേഹം കോവിഡ് ബാധിതനാകുന്നത്. കഴിഞ്ഞ ദിവസം രാത്രി പോലും സിനിമയുടെ ഗാനരചന സംബന്ധിച്ച് ഫോണിൽ സംസാരിച്ചിരുന്നെന്ന് കവി മുരുകൻ കാട്ടാക്കട പറഞ്ഞു.
കായംകുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിൽ ഉദയഭാനുവിന്‍റെയും ദ്രൗപതിയുടെയും മകനായി 1965 നവംബര്‍ 20നാണ് അനിൽ പനച്ചൂരാൻ ജനിച്ചത്. അനിൽകുമാർ പി.യു. എന്നാണ് യഥാർഥ പേര്. ബാല്യകാലം മുംബൈയിലായിരുന്നു. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എല്‍.എല്‍.ബി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര ഗാന രചന എന്നീ മേഖലകളിലേക്ക് മാറി. ചലച്ചിത്രഗാനരചനക്ക് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം,ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ, അക്ഷേത്രിയുടെ ആത്മഗീതം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.
അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, കലണ്ടർ, ഭ്രമരം, ലൗഡ്‌സ്പീക്കർ, പാസഞ്ചർ, ഭഗവാൻ, പരുന്ത്, ബോഡിഗാർഡ്, മാണിക്യക്കല്ല്, സീനിയേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങൾക്കായി ഗാനങ്ങൾ രചിച്ചു.
ഭാര്യ: മായ. മക്കൾ: മൈത്രേയി, അരുൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.