പ്രഫ. അനിൽ വള്ളത്തോൾ മലയാള സർവകലാശാല വൈസ് ചാൻസലർ
text_fieldsതിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലറായി പ്രഫ. അനിൽ വള്ളത്തോളിനെ (വി. അനിൽകുമാർ) നിയമിച്ച് ചാൻസലറായ ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉത്തരവായി.
കാലിക്കറ്റ് സർവകലാശാല മലയാള കേരള പഠന വിഭാഗത്തിൽ പ്രഫസറായ അദ്ദേഹം വ്യാഴാഴ്ച വി.സിയായി ചുമതലയേൽക്കും. വി.സിയെ കണ്ടെത്താനായുള്ള മൂന്നംഗ സെർച്ച് കമ്മിറ്റി സമർപ്പിച്ച പാനലിൽനിന്നാണ് അനിലിനെ ഗവർണർ നിയമിച്ചത്. തളിപ്പറമ്പ് സർ സയ്യിദ് കോളജ്, കാലടി ശ്രീശങ്കരാചാര്യ സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന പ്രഫ. അനിലിന് 2006ലാണ് കാലിക്കറ്റ് സർവകലാശാലയിൽ റീഡറായി നിയമനം ലഭിച്ചത്. 2007 മുതൽ പ്രഫസറായി നിയമനം ലഭിച്ചു. മഹാകവി വള്ളത്തോളിെൻറ സഹോദരിയുടെ മകളുടെ മകനാണ് അനിൽ.
വള്ളത്തോൾ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം തിരൂരങ്ങാടി പി.എസ്.എം.ഒ, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽനിന്ന് ഉന്നത പഠനം പൂർത്തിയാക്കി. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാം റാേങ്കാടെ മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അനിൽ, വള്ളത്തോൾ കവിതകളെക്കുറിച്ച് പ്രഫ. ചാത്തനാത്ത് അച്യുതനുണ്ണിയുടെ കീഴിൽ നടത്തിയ ഗവേഷണത്തിന് കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടി.
മലയാളം സർവകലാശാല ആസ്ഥാനത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെ തിരൂർ മംഗലം സ്വദേശിയാണ്. കുറ്റിപ്പുറത്ത് ചന്ദ്രശേഖരൻ നായരുടെയും പരേതയായ വള്ളത്തോൾ ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: സുഷമ (അധ്യാപിക, ചേന്നര ബി.വി.യു.പി സ്കൂൾ). മക്കൾ: ഡോ. മഞ്ജുനാഥ്, നിരഞ്ജൻ (വിദ്യാർഥി, പൊന്നാനി എം.ഇ.എസ് കോളജ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.