ജന്തുജന്യരോഗ പരിശോധന; ബയോ സേഫ്റ്റി ലെവൽ 3 ലാബ് നടപടികളുമായി കേരളം മുന്നോട്ട്
text_fieldsതിരുവനന്തപുരം: ജന്തുജന്യരോഗങ്ങൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, പരിശോധനകൾക്കായി പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ (സിയാഡ്) ബയോ േസഫ്റ്റി ലെവൽ- 3 ലാബിന്റെ നടപടികളുമായി കേരളം മുന്നോട്ട്. ഇതിന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ (നിഷാഡ്) നിന്നുള്ള ശാസ്ത്രജ്ഞർ, കേന്ദ്ര മൃസംരക്ഷണ വകുപ്പ് ജോയന്റ് കമീഷണർ, അസിസ്റ്റന്റ് കമീഷണർ, സതേൺ റീജനൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിൽനിന്നുള്ള ശാസ്ത്രജ്ഞർ എന്നിവരുമായി തിങ്കളാഴ്ച ചർച്ച നടത്തും.
കോഴിക്കോട്ട് നിപ ബാധിത പ്രദേശങ്ങളിൽ സന്ദർശനത്തിനായാണ് സംഘം എത്തിയത്. അവിടെയാകും ചർച്ചയെന്ന് സിയാഡിലെ ചീഫ് അനിമൽ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. ഷീല സാലി ‘മാധ്യമ’ത്തോട് പറഞ്ഞു. ജന്തുജന്യരോഗങ്ങളുടെ പരീക്ഷണത്തിനായി എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ബയോ സേഫ്റ്റി ലെവൽ 2 ലാബാണ് ഇപ്പോൾ പാലോട് ഉള്ളത്.
ജന്തുജന്യരോഗങ്ങൾ മുൻകൂട്ടി മൃഗങ്ങളിൽ കണ്ടെത്താനും നിർമാർജനം ചെയ്യാനുമുള്ള പദ്ധതിക്കാണ് ഇതുവഴി തുടക്കം കുറിക്കുന്നത്. ഇതിന് ബയോ സേഫ്റ്റി ലെവൽ 3 ലാബ് അനിവാര്യമാണ്. റിസ്ക് ഫോർ ഫാക്ടേഴ്സ് രോഗങ്ങളുടെ സാമ്പ്ൾ സൂക്ഷിക്കുന്നതിനും പരിശോധന ക്രമീകരിക്കാനും അതിസുരക്ഷയുള്ള കെട്ടിടവും ആവശ്യമാണ്. ബയോ സേഫ്റ്റിലെവൽ 2 ലാബിന് അനുബന്ധമായി പുതിയ കെട്ടിടത്തിൽ ബയോ സേഫ്റ്റി ലെവൽ 3 ലാബ് സ്ഥാപിക്കാനുള്ള 27 കോടിയുടെ പദ്ധതിനിർദേശമാണ് കേരളം സമർപ്പിച്ചിരിക്കുന്നത്.
നിപ, പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങുപനി, ആന്ത്രാക്സ് പോലുള്ള ഹൈറിസ്ക് സാംക്രമിക രോഗങ്ങൾ തുടങ്ങി ഒട്ടുമിക്ക വൈറസ് രോഗങ്ങളും പരിശോധിക്കാൻ ഇതുവഴി കേരളത്തിൽ സാധിക്കും. ഇപ്പോൾ ഭോപാൽ നിഷാഡിലേക്കാണ് സാമ്പ്ൾ അയക്കുന്നത്. ഇത് പലപ്പോഴും പരിശോധന വൈകാൻ ഇടയാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.