പേമൃഗങ്ങൾ കൂടുന്നു: പൂച്ചയുള്‍പ്പെടെ മറ്റ് മൃഗങ്ങളിൽ വൈറസ് സാന്നിധ്യം ഇരട്ടിയായതിൽ ആശങ്ക
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മൃഗങ്ങളിലെ പേവിഷബാധ തോത് ഉയരുന്നത് പുതിയ ആശങ്കയാകുന്നു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 300 സാമ്പ്ളുകള്‍ പരിശോധനക്കെടുത്തതില് 168ലും പേവിഷബാധക്ക് കാരണമായ റാബിസ് വൈറസ് സാന്നിധ്യം കണ്ടെത്തി. പൂച്ചയുള്‍പ്പെടെ മറ്റ് മൃഗങ്ങളിലും വൈറസ് സാന്നിധ്യം ഇരട്ടിയായി. വന്ധ്യംകരണത്തിനൊപ്പം നടത്തിയിരുന്ന തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പ് മുടങ്ങിയതാണ് പേവിഷബാധ കൂടാനുള്ള പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയിലും ഇരട്ടിയിലധികം വര്‍ധനയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനഫലവും വ്യക്തമാക്കുന്നു. വളര്‍ത്തുനായ്ക്കളുടെയും ചത്ത നായ്ക്കളുടെയും ഉള്‍പ്പെടെ സാമ്പ്ളുകള്‍ പരിശോധിച്ചതില്‍ 50 ശതമാനത്തിലധികവും പോസിറ്റിവാണെന്ന് കണ്ടെത്തി. 2016ല്‍ 150 സാമ്പ്ളുകള്‍ പരിശോധിച്ചപ്പോള്‍ 48 എണ്ണമായിരുന്നു പോസിറ്റിവ്.
നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പും കൃത്യമായ ഇടവേളകളില്‍ ബൂസ്റ്റർ ഡോസും നൽകിയാൽ മാത്രമേ പേവിഷ പ്രതിരോധം സാധ്യമാകൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പേവിഷബാധയേറ്റ് എട്ടുമാസത്തിനിടെ 21 പേരാണ് മരിച്ചത്. ആറുപേര്‍ക്ക് വളര്‍ത്തുനായ്ക്കളുടെ കടിയാണ് അപകടമായത്. വളര്‍ത്തുമൃഗങ്ങളുടെ കുത്തിവെപ്പിലുണ്ടായ അലംഭാവവും ഇവക്കിടയില്‍ പേവിഷബാധക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആറുവര്‍ഷത്തിനിടെ നായ് കടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്.
രണ്ടുലക്ഷത്തോളം പേര്‍ക്ക് ഏഴുമാസത്തിനിടക്കാണ് കടിയേറ്റത്. ആറുവര്‍ഷത്തിനിടെ പേവിഷ പ്രതിരോധ മരുന്നിന്റെ ഉപയോഗം 109 ശതമാനം വര്‍ധിച്ചെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോടികളാണ് ഇതിനായി ചെലവാകുന്നത്. തദ്ദേശ- മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായി നടത്തേണ്ട നായ്ക്കളിലെ വന്ധ്യംകരണ പദ്ധതിയായ അനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) പാളിയതാണ് തെരുവുനായ് വർധനക്ക് പ്രധാന കാരണം. എന്നാൽ, വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞ പല നായ്ക്കളും വീണ്ടും പെറ്റുപെരുകുന്നെന്ന വസ്തുതയും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ ഗൗരവതരമായ നടപടികളാണ് വേണ്ടെതെന്നാണ് ആവശ്യം.
വിദ്യാർഥിനിയെയും കർഷകനെയും തെരുവുനായ് ആക്രമിച്ചു
വെള്ളമുണ്ട (വയനാട്): പടിഞ്ഞാറത്തറയിൽ വിദ്യാർഥിനിയെയും കർഷകനെയും തെരുവുനായ് ആക്രമിച്ചു. തരിയോട് ഗവ. ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സുമിത്രക്കാണ് കടിയേറ്റത്. ആക്രമണത്തിൽ മുഖത്തും തുടയിലും സാരമായി പരിക്കേറ്റു. പടിഞ്ഞാറത്തറ മാടത്തുംപാറ ആദിവാസി കോളനിയിലെ സുരേഷ്-തങ്ക ദമ്പതികളുടെ മകളാണ്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെ സഹോദരിക്കൊപ്പം വയലിൽ ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു സംഭവം. കൽപറ്റ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. പടിഞ്ഞാറത്തറ പാണ്ടങ്കോട് വാഴകൃഷി നടത്തിവന്ന കിഴക്കേടത്ത് ബിജു തോമസിനെ (46)യും തെരുവുനായ് ആക്രമിച്ചു. കാലിനും നെഞ്ചിലും കടിയേറ്റ ബിജുവും കല്പറ്റ ആശുപത്രിയില്‍ ചികിത്സ തേടി. വാഴത്തോട്ടത്തിന് സമീപത്തെ ഷെഡില്‍ വെച്ചാണ് കടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.