അനിത പുല്ലയിൽ വിവാദം: നാല് കരാർ ജീവനക്കാരെ സഭ ടിവി ചുമതലയിൽ നിന്ന് നീക്കി
text_fieldsതിരുവനന്തപുരം: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിലെ ഇടനിലക്കാരിയെന്ന് ആരോപണം ഉയർന്ന അനിത പുല്ലയിൽ ലോക കേരള സഭ നടന്ന നിയമസഭ മന്ദിരത്തിൽ എത്തിയ സംഭവത്തിൽ അച്ചടക്ക നടപടി. കുറ്റക്കാരായ നാല് കരാർ ജീവനക്കാരെ സഭ ടിവി ചുമതലയിൽ നിന്ന് നീക്കിയതായി സ്പീക്കർ എം.വി രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സഭ ടി.വിക്ക് ഒ.ടി.ടി സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷന്‍റെ ജീവനക്കാരായ ഫസീല, വിപുരാജ്, പ്രവീൺ, വിഷ്ണു എന്നിവരെയാണ് ചുമതലയിൽ നിന്ന് നീക്കിയത്. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് നിയമസഭയിൽ കടന്ന അനിത പുല്ലയിലിനെതിരെ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
അനിതക്ക് ലോക കേരള സഭയുടെ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാൻ പാസ് ഉണ്ടായിരുന്നു. ഓരോരുത്തർക്കും പ്രത്യേക പാസ് അല്ല നൽകിയത്. സംഭവത്തിൽ വാച്ച് ആൻഡ് വാർഡിന് വീഴ്ച പറ്റിയിട്ടുണ്ട്. വാച്ച് ആൻഡ് വാർഡിന് അനിതയെ അറിയില്ലായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇടപെട്ടു. ലോക കേരള സഭയുടെ പരിസരത്തെങ്ങലും അനിത എത്തിയില്ല. ഇക്കാര്യം പരിശോധനയിൽ വ്യക്തമായെന്നും സ്പീക്കർ പറഞ്ഞു.
അനിത പുല്ലയിൽ രണ്ടു ദിവസവും ലോക കേരള സഭ നടന്ന നിയമസഭ മന്ദിരത്തിൽ എത്തിയിരുന്നതായി ചീഫ് മാർഷൽ സ്പീക്കർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അനിത പുല്ലയിൽ നിയമസഭയിൽ കടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
സഭ ടി.വിക്ക് ഒ.ടി.ടി സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായം ഇതിനു ലഭിച്ചു. ലോക കേരള സഭാ നടപടികൾ നടന്ന ശങ്കരനാരായണൻ തമ്പി ഹാളിൽ അനിത കടന്നിട്ടില്ല. ഇടനാഴിയിൽ പലരുമായും സംസാരിക്കുകയും സഭ ടി.വി ഓഫിസിൽ ഏറെ സമയം ചെലവിടുകയും ചെയ്തെന്ന് റിപ്പോർട്ടിലുണ്ട്.
ഓപൺ ഫോറത്തിൽ പങ്കെടുക്കാൻ ക്ഷണക്കത്തുള്ളതു കൊണ്ടാണ് കടത്തിവിട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അനിത മന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഒ.ടി.ടി സഹായം നൽകുന്ന കമ്പനിയിലെ രണ്ടു ജീവനക്കാരാണ് സഭാ മന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ കൊണ്ടുപോയത്.
ഓപൺ ഫോറത്തിലെ ക്ഷണക്കത്ത് നോർക്ക വഴി പ്രവാസി സംഘടനകൾക്ക് നൽകിയിരുന്നു. ഈ സംഘടനകൾ വഴിയാകും ക്ഷണക്കത്ത് അനിതക്ക് കിട്ടാൻ സാധ്യത. രണ്ടാം ദിവസം പുറത്തേക്ക് പോകാൻ വാച്ച് ആൻഡ് വാർഡ് ആവശ്യപ്പെട്ട ഘട്ടത്തിൽ ജീവനക്കാർ അനുഗമിച്ചിരുന്നു. മാധ്യമങ്ങളുടെ റിപ്പോർട്ടിനു ശേഷം മാത്രമാണ് അനിതയെ മന്ദിരത്തിൽ നിന്നും മാറ്റിയത്. നിയമസഭയിലെ പല ഗേറ്റുകളിലും സി.സി ടി.വി. ഇല്ലെന്നും ഈ സംവിധാനവും സുരക്ഷ നടപടികളും ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.