ചോദ്യം ചെയ്യലിനെത്തുന്നില്ല; അഞ്ജലിയുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്
text_fieldsകൊച്ചി: ഫോർട്ട്കൊച്ചിയിലെ നമ്പർ18 ഹോട്ടൽ പോക്സോ കേസിലെ കൂട്ടുപ്രതി അഞ്ജലി റീമദേവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണസംഘം. അഞ്ജലി അന്വേഷണവുമായി സഹകരിക്കാതിരിക്കുകയും തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മെട്രോ സ്റ്റേഷൻ സി.ഐ അനന്തലാൽ അറിയിച്ചു.
കേസിൽ മൂന്നാംപ്രതിയായ അഞ്ജലി കഴിഞ്ഞ ബുധനാഴ്ചയാണ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ആദ്യമായെത്തിയത്. രണ്ടുമണിക്കൂർ മാത്രമാണ് ഇവരെ ചോദ്യം ചെയ്തത്.
വെള്ളിയാഴ്ച വീണ്ടും എത്താൻ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. അഞ്ജലിയുടെ മൊബൈൽ ഫോണും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച എറണാകുളം പോക്സോ കോടതിയിൽ അഞ്ജലി എത്തിയിരുന്നു. അന്ന് ഉച്ചകഴിഞ്ഞാണ് അന്വേഷണസംഘത്തിന് മുന്നിലും വന്നത്.
നമ്പർ 18 ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയുടെയും പെൺകുട്ടികളെ ഇവിടേക്ക് എത്തിച്ചതിന്റെയും ദൃശ്യങ്ങൾ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. അഞ്ജലിയാണ് പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിൽ എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. കേസിലെ പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവർക്ക് തിങ്കളാഴ്ച എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ജാമ്യം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.