നടിയുടെ പ്രശ്‍നം ഏറ്റെടുത്തപ്പോൾ സൗഹൃദങ്ങൾ നഷ്ടമായെന്ന് അഞ്ജലി മേനോൻ
text_fieldsതിരുവനന്തപുരം: ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം ഡബ്യു.സി.സി പോരാട്ടം തുടരുമെന്ന് സംവിധായിക അഞ്ജലി മേനോൻ. നടിയുടെ പ്രശ്‍നം ഏറ്റെടുത്തപ്പോൾ സൗഹൃദങ്ങൾ നഷ്ടമായി. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുമ്പോൾ ഒരു വിഭാഗം അസ്വസ്ഥരാകുമെന്നാണ് അനുഭവം. എല്ലാവരെയും സന്തോഷിച്ചു പോരാട്ടം നടത്താൻ ആകില്ല. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞു.
അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ലെന്നും അതിരുകൾ ഭേദിച്ച് പുറത്തുവന്ന്, തുറന്നു പറച്ചലിന് തയാറായ നടിയെ അഭിനന്ദിക്കണമെന്നും അഞ്ജലി പറഞ്ഞു. അതിജീവിത സംസാരിക്കുന്നത് സമൂഹം കേൾക്കണം. ഡബ്യു.സി.സി യെ തുടക്കം മുതൽ സിനിമ സംഘടനകൾ ശത്രു പക്ഷത്താണ് നിറുത്തുന്നതെന്നും അവർ പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്ത് വിടണം. കമ്മിറ്റി അംഗങ്ങളിൽ നിന്നും റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമാണ്. ഇവരുടെ മുന്നിൽ ആണോ സത്യം പറഞ്ഞതെന്ന് ഇരകൾ ചോദിക്കുന്നു. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുന്നതിൽ സിനിമ സംഘടനകൾ ഒന്നും ചെയ്തില്ലെന്നും അഞ്ജലി കുറ്റപ്പെടുത്തി. നടനൊപ്പം നടിക്കും തുല്യ വേതനം വേണമെന്നും അഞ്ജലി മേനോൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.