അഞ്ചുരുളി തുരങ്കത്തിൽ സാമൂഹിക വിരുദ്ധ ശല്യം
text_fieldsകട്ടപ്പന: അഞ്ചുരുളി ടൂറിസ്റ്റ് കേന്ദ്രത്തിലെ തുരങ്കത്തിനുള്ളിൽ സാമൂഹിക വിരുദ്ധ ശല്യം. ലോക്ഡൗൺ നിയന്ത്രണംപോലും പാലിക്കാതെ ആളുകൾ എത്തുന്നുണ്ട്. വ്യാഴാഴ്ച അന്തർസംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം തുരങ്കത്തിനുള്ളിൽ കയറി മദ്യപാനം നടത്തി. മദ്യലഹരിയിൽ തുരങ്കത്തിനുള്ളിൽ ഏറെനേരം കഴിഞ്ഞ ഇവരിൽ രണ്ടുപേർ തമ്മിൽ ഉള്ളിലേക്ക് ആരാണ് കൂടുതൽ ദൂരം കയറുന്നത് എന്നു പറഞ്ഞ് മത്സരവും നടന്നു.
തുരങ്കത്തിനുള്ളിൽ കയറുന്നത് നിയന്ത്രിക്കാൻ ആളില്ലാത്തത് മഴക്കാലത്ത് അപകടത്തിനിടയാക്കും. ടൂറിസ്റ്റ് കേന്ദത്തിലും സമീപങ്ങളിലും കാര്യമായ സുരക്ഷ സംവിധാനമില്ലാത്തതിനാൽ ഇടുക്കി ജലാശയത്തിൽ വീണ് മരിക്കുന്നവരുടെ എണ്ണവും കഴിഞ്ഞകാലങ്ങളിൽ വർധിച്ചിട്ടുണ്ട്. ഇടുക്കി ജലാശയത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് അഞ്ചുരുളി.
പ്രതിദിനം നൂറുകണക്കിനു ടൂറിസ്റ്റുകൾ എത്തുന്ന ഇവിടുത്തെ പ്രധാന കാഴ്ച ടണൽ മുഖമാണ്. ഇരട്ടയാർ ഡാമിൽനിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളം പതിക്കുന്ന കാഴ്ച അതിമനോഹരമാണ്. അതുപോലെ തന്നെ അപകടസാധ്യതയും അതിതീവ്രമാണ്. പാറയിൽ വഴുവഴുപ്പുള്ളതിനാൽ കാൽ തെറ്റിയാൽ ജലാശയത്തിൽ പതിക്കും.
ടണലിൽ കയറുന്നതും അതിലേറെ സാഹസമാണ്. അപ്രതീക്ഷിതമായ ജലപ്രവാഹം ഉണ്ടായാൽ രക്ഷപ്പെടാനാകില്ല. വേനലിൽ ടണൽ മുഖത്ത് ജലപ്രവാഹം കുറവായതിനാൽ ഒട്ടുമിക്ക ടൂറിസ്റ്റുകളും ഉള്ളിൽ കയറുന്നുണ്ടായിരുന്നു. കഴിഞ്ഞവർഷം ഇത്തരത്തിൽ ടണലിൽ കയറി കുരുങ്ങിയ ടൂറിസ്റ്റുകളെ അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.