നിറകണ്ണുകളോടെ ജനസാഗരം, അർജുൻ വീട്ടിലെത്തി; ഉച്ചയോടെ സംസ്‌കാരം
text_fieldsകോഴിക്കോട്: ഭാരത് ബെൻസ് ലോറിയുടെ ഡ്രൈവിങ്സീറ്റിലിരുന്ന് കണ്ണാടിക്കലിലെ വീട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന അർജുൻ വീട്ടിലെത്തി, പക്ഷേ ചേതനയറ്റ് ആംബുലൻസിലാണ് ഈ മടക്കയാത്ര. ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ (30) മൃതദേഹമാണ് രണ്ടരമാസത്തെ കാത്തിരിപ്പിനൊടുവിൽ ജന്മദേശത്തേക്ക് എത്തിയത്.
കാർവാറിലെ ഗവ. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അർജുന്റെ ഭൗതികശരീരം വെള്ളിയാഴ്ച വൈകീട്ടാണ് ഡി.എൻ.എ പരിശോധാഫലം വന്നതിന് പിന്നാലെ കുടുംബത്തിന് കൈമാറിയത്. നിറകണ്ണുകളോടെ അർജുന്റെ സഹോദരൻ അഭിജിത്തും ഭാര്യാസഹോദരൻ ജിതിനും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേർ അർജുന് ആദരാഞ്ജലി അർപ്പിച്ചു. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. ഏതാനും സമയത്തിനകം കണ്ണാടിക്കലിലെ വീട്ടിലെത്തും.
കോഴിക്കോട്ടേക്ക് തിരിക്കുന്നതിനിടെ ഒരിക്കൽകൂടി ഷിരൂരിലെ ദുരന്തസ്ഥലത്ത് വാഹനവ്യൂഹം നിർത്തി. സങ്കടം പെയ്യുന്ന മനസ്സോടെ അഞ്ചുമിനിറ്റോളം സർവരുടെയും പ്രാർഥന. മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നില്‍ നിന്ന് ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കണ്ണാടിക്കലിലെത്തിയത്. കണ്ണാടിക്കലില്‍ നിന്ന് നാട്ടുകാര്‍ കാല്‍നടയായാണ് ആംബുലൻസിനെ അനുഗമിക്കുന്നത്.
ആദ്യം വീടിനകത്ത് ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം മൃതദേഹം അന്ത്യാഞ്ജലി അർപ്പിക്കാൻ വിട്ടുകൊടുക്കും. പിന്നീട് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.