‘വിധി ബലാത്സംഗം പോലെ; തടയാനായില്ലെങ്കിൽ ആസ്വദിക്കൂ’; ഹൈബിയുടെ ഭാര്യയുടെ കുറിപ്പ് വിവാദത്തിൽ
text_fieldsകൊച്ചി: എറണാകുളം എം.പി. ഹൈബി ഈഡന്‍റെ ഭാര്യ അന്ന ലിൻഡ ഈഡന്‍റെ ഫേസ്ബുക്ക് കുറിപ്പ് വിവാദത്തിൽ. ‘വിധി ബലാത്സംഗം പോ ലെയാണ്; തടുക്കാൻ നിങ്ങൾക്കായില്ലെങ്കിൽ അത് ആസ്വദിക്കുക’ എന്നായിരുന്നു കുറിപ്പ്.
കൊച്ചിയിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ഹൈബി ഈഡന്‍റെ വീടിന്‍റെ താഴത്തെ നിലയിൽ വെള്ളം കയറിയിരുന്നു. റെസ്ക്യൂ ബോട്ടിൽ കുഞ്ഞിനെ മാറ് റുന്ന ചിത്രവും വീട്ടിലില്ലാത്ത ഹൈബി ഈഡൻ ആസ്വദിച്ച് ഐസ്ക്രീം കഴിക്കുന്ന ചിത്രവും പങ്കുവെച്ച് അടിക്കുറിപ്പായ ാണ് പോസ്റ്റ് ചെയ്തത്.
കുറിപ്പിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെ അന്ന ലിൻഡ് ഫേസ്ബുക്ക് പോസ്റ്റ് നീക്കി. പിന്നാലെ തന്‍റെ പോസ്റ്റിൽ തെറ്റിദ്ധാരണ ഉണ്ടായതിൽ വിഷമമുണ്ടെന്നും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും പുതിയ കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അന്ന ലിൻഡയുടെ ഫേസ്ബുക്ക് കുറിപ്പ്:
സോഷ്യൽ മീഡിയയിൽ ഞാൻ ഉപയോഗിച്ച വാക്കുകൾ എന്റെ ഉദ്ദേശങ്ങൾക്കപ്പുറം ചർച്ച ചെയ്യപ്പെടുകയും , ജീവിതത്തിൽ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവർക്ക് മാനസീക വിഷമം ഉണ്ടാക്കുന്നതാണെന്നും ഞാൻ മനസിലാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി എന്റെ അച്ഛൻ അതീവ ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ICU ചികിത്സയിലാണ് . ആശുപത്രിയും വീടുമായി ഓട്ടത്തിനിടയിലാണ് അപ്രതീക്ഷിതമായി മുൻപെങ്ങും ഇല്ലാത്ത വിധം വീട്ടിൽ വെള്ളം കയറി വലിയ നാശ നഷ്ടങ്ങൾ ഉണ്ടായത്. അമ്മയെയും മകളെയും എല്ലാം കൂട്ടി വളരെ കഷ്ടപ്പെട്ടാണ് കയ്യിൽ കിട്ടിയ കുറച്ച് സാധനങ്ങളുമെടുത്ത് വീടിനു പുറത്തിറങ്ങുന്നത്. ഹൈബിയാണെങ്കിൽ ഇലക്ഷൻ തിരക്കിലും..
അപ്പയുടെ അവസ്ഥ വളരെ മോശമാണ് . വെന്റിലേറ്റർ പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യം. ചിലപ്പോൾ നമ്മുടെ എല്ലാം ജീവിതത്തിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാവശത്ത് നിന്നും വരിഞ്ഞു മുറുക്കി എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത്. തിരിച്ചടികളെ ആഘോഷമാക്കി അതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം .
സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് എന്നാണ് എന്റെ ഓർമ്മ. അമിതാഭ് ബച്ചൻ എ ബി സി എൽ എന്ന പരിപാടി നടത്തി ആകെ പൊളിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നടത്തിയ ഒരു പരാമര്ശമായിരുന്നു ഞാനും കുറിച്ചത്. ആ കാലത്ത് തന്നെ ആ പരാമർശം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ ഓർമ്മയാണ് ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ എന്നെ പ്രേരിപ്പിച്ചത്.
ഒട്ടനവധി സ്ത്രീകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുക എന്ന് ഒരു രീതിയിലും ഞാൻ ഉദ്ദേശിച്ചിട്ടില്ല.
ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയിൽ, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസിലാക്കി അവരോടൊപ്പം നിൽക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ പോസ്റ്റിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ എനിക്ക് ഏറെ വിഷമമുണ്ട്. ഞാൻ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.