‘അവളുടെ വിവാഹം ഈ മാസം നടത്താൻ നിശ്ചയിച്ചതായിരുന്നു’; അന്ന സെബാസ്റ്റ്യനെക്കുറിച്ച് ബന്ധു
text_fieldsന്യൂഡൽഹി: പുണെയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി അന്നയുടെ വിവാഹം ഈ മാസമായിരുന്നെന്ന് ബന്ധു. ബന്ധുവായ സുനിൽ ജോർജ് കുരുവിളയുടെ കുറിപ്പിലാണ് വിവാഹ വിവരമുള്ളത്. ജോലി സമ്മർദ്ദം താങ്ങാനാവാതെയാണ് അന്നയുടെ മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
"മരണവാർത്തയറിഞ്ഞ് ഞാൻ അവളുടെ മുത്തച്ഛനെ വിളിച്ചു. മുറിഞ്ഞ ശബ്ദത്തോടെ അദ്ദേഹം ദീർഘമായി സംസാരിച്ചു. അവളുടെ വിവാഹം ഈ മാസം നിശ്ചയിച്ചതാണെന്ന് പറഞ്ഞപ്പോഴും ഞാൻ കരഞ്ഞില്ല. ചില കാര്യങ്ങൾക്ക് കണ്ണീർ മതിയാവില്ല"-സുനിൽ ജോർജ് കുരുവിള പറയുന്നു.
അന്ന ഇപ്പോൾ എന്നത്തേക്കാളും ശക്തയാണെന്ന് സുനിൽ കുറിപ്പിൽ പറയുന്നു. ഐ. ആർ. എം. എയിൽ നിന്ന് എം.ബി.എ അല്ലെങ്കിൽ സി.എ ബിരുദം എന്നത് അന്നയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. അവൾ തന്‍റെ പിതാവുമായി ദീർഘനേരം സംസാരിച്ചതിനൊടുവിൽ അദ്ദേഹത്തിന്‍റെ ഉപദേശത്തിന് വിരുദ്ധമായി സി.എ ബിരുദത്തിന് പോകാൻ തീരുമാനിക്കുകയായിരുന്നു എന്നും സുനിൽ പറഞ്ഞു. മുന്നിലുണ്ടായിരുന്ന രണ്ട് വഴികളിൽ ഒന്ന് അന്ന തെരഞ്ഞെടുത്തു. എന്നാൽ ആ തെരഞ്ഞെടുപ്പാണ് എല്ലാ മാറ്റങ്ങൾക്കും കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി സ്വദേശിയായ അന്ന സെബാസ്റ്റ്യനെ കഴിഞ്ഞ ജൂലൈയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂണെയിലെ ഇ.വൈ കമ്പനിയിൽ ജീവനക്കാരിയായിരുന്നു അന്ന. നാല് മാസം മുമ്പാണ് അന്ന ജോലിയിൽ പ്രവേശിച്ചത്. കമ്പനിയുടെ മനുഷ്യാവകാശ മൂല്യങ്ങൾ തന്‍റെ മകൾ അനുഭവിച്ച യാഥാർഥ്യത്തിന് വിരുദ്ധമാണെന്ന് അന്നയുടെ അമ്മ അനിത അഗസ്റ്റിൻ ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യൻ മേധാവിക്ക് രാജീവ് മേമനിക്ക് അയച്ച ഇമെയിൽ പറയുന്നു.
2023ലാണ് അന്ന സി.എ പരീക്ഷ പാസാകുന്നത്. പൂണെയിലെ ഇ.വൈ കമ്പനിയിലേത് അന്നയുടെ ആദ്യ ജോലിയായിരുന്നു. പ്രതീക്ഷകൾ നിറവേറ്റാൻ അവൾ അശ്രാന്തമായി പരിശ്രമിച്ചു. എന്നാൽ ആ ശ്രമം അന്നയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം ബാധിച്ചു. ജോയിൻ ചെയ്ത ഉടൻ തന്നെ ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവ മകൾക്ക് അനുഭവപ്പെടാൻ തുടങ്ങിയതായി അനിത പറയുന്നു. പക്ഷേ കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് വിജയത്തിലേക്കുള്ള പാതയെന്ന് വിശ്വസിച്ച് സ്വയം മുന്നോട്ട് പോയെന്നും അനിത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.