നിയമസഭ ശാസിച്ച പി.സി ജോർജിനെ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കരുതെന്ന് ആനി രാജ
text_fieldsന്യൂഡൽഹി: പി.സി ജോർജിനെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് േകന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ രണ്ടുതവണ നിയമസഭ ശാസിച്ചയാളെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് വിലക്കണമെന്നാണ് മഹിള അസോസിയേഷന്‍റെ ആവശ്യം. രണ്ടു തവണ നിയമസഭ ശാസിക്കപ്പെട്ടയാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനല്ലെന്ന് ജനറൽ സെക്രട്ടറി ആനി രാജ ചൂണ്ടിക്കാട്ടി.
പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിലാണ് പി.സി. ജോർജ് എം.എൽ.എയെ 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ശാസിച്ചത്. നിയമസഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ ശിപാര്‍ശയെ തുടർന്നാണ് പി.സി ജോര്‍ജിനെ ശാസിച്ചത്. പി.സി. ജോര്‍ജിന്‍റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ശാസന സ്വീകരിക്കുന്നതായി പറഞ്ഞ പി.സി. ജോര്‍ജ്, സഭയിൽ നിന്നും പുറത്താക്കപ്പെട്ട ആൾ എങ്ങനെ കന്യാസ്ത്രീയാകുമെന്നും ആ പ്രയോഗം സഭാ നടപടികളിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്പീക്കർ ആവശ്യം അംഗീകരിച്ചില്ല.
വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അടക്കമുള്ളവരാണ് പി.സി. ജോര്‍ജിനെതിരെ പരാതി നല്‍കിയത്. നിയമസഭയുടെയും അംഗങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് ജോര്‍ജിന്‍റെ പരാമര്‍ശങ്ങളെന്ന് എത്തിക്‌സ് കമ്മിറ്റി നിരീക്ഷിച്ചിരുന്നു. നിയമസഭാ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമര്‍ശമാണെന്നും പീഡനക്കേസിലെ ഇരയെ പിന്തുണച്ചവര്‍ക്കെതിരെ സ്വഭാവഹത്യ നടത്താന്‍ ശ്രമിച്ചെന്നും പ്രിവിലേജ് ആന്‍റ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തി.
2013ൽ മുതിർന്ന രാഷ്ട്രീയ നേതാവ് കെ.ആർ ഗൗരിയമ്മയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ച പി.സി ജോർജിനെ നിയമസഭ ശാസിച്ചിരുന്നു. കെ. മുരളീധരൻ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിയാണ് ജോർജിനെ ശാസിക്കാൻ അന്ന് ശിപാർശ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.