സൗജന്യ റേഷൻ പ്രഖ്യാപനം കേരളത്തിന് വെല്ലുവിളിയാകും
text_fieldsതിരുവനന്തപുരം: പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യനിരക്കിൽ ഒരുവർഷത്തേക്ക് ഭക്ഷ്യധാന്യം നൽകാനുള്ള കേന്ദ്രതീരുമാനം പൂർണമായി നടപ്പാക്കുന്നത് കേരളത്തിന് വെല്ലുവിളിയാകും.
റേഷൻ വ്യാപാരികൾക്ക് കമീഷനും വാതിൽപ്പടി വിതരണത്തിന് ഹാൻഡ്ലിങ് ചാർജും നൽകേണ്ടതിനാൽ മുൻഗണന വിഭാഗക്കാരിൽ നിന്ന് (പിങ്ക് കാർഡ്) കിലോക്ക് രണ്ടുരൂപ ഈടാക്കി റേഷൻ വിതരണം സംസ്ഥാന സർക്കാർ തുടർന്നേക്കും. കേന്ദ്രത്തിൽനിന്ന് വിശദാംശങ്ങൾ ലഭിക്കുന്ന മുറക്ക് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം 1.54 കോടി ജനങ്ങളാണ് സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇതിൽ 5,88,787 എ.എ.വൈ (മഞ്ഞ) കാർഡുകളും 35,07,295 പിങ്ക് കാർഡുകളുമാണ്. ഇവർക്കായി പ്രതിവർഷം 14.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് കേരളത്തിന് നൽകുന്നത്.
എ.എ.വൈ കാർഡിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും പിങ്ക് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ലഭിക്കുന്നത്. അരിക്ക് കിലോ മൂന്ന് രൂപയും ഗോതമ്പ് കിലോ രണ്ട് രൂപ നിരക്കിലുമാണ് കേന്ദ്രം കേരളത്തിൽനിന്ന് ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ സൗജന്യമാക്കിയത്.
എന്നാൽ 2016 മുതൽ മഞ്ഞകാർഡുകാർക്ക് സൗജന്യമായാണ് കേരളം ഭക്ഷ്യധാന്യം വിതരണം ചെയ്തത്. പക്ഷേ റേഷൻ വ്യാപാരികൾക്കുള്ള കമീഷനും വാതിൽപ്പടി വിതരണത്തിലെ മറ്റ് ചെലവുകളും കണ്ടെത്താൻ മാർഗമില്ലാതായതോടെ മുൻഗണന കാർഡിലെ ഓരോ അംഗത്തിൽ നിന്നും ഓരോ കിലോക്കും രണ്ടുരൂപ വീതം സർക്കാർ ഈടാക്കി. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്‍റെ പ്രഖ്യാപനം കേരളത്തെ സംബന്ധിച്ച് ആശ്വാസത്തോടൊപ്പം വെല്ലുവിളിയുമാണ്.
ജനുവരി മുതൽ പണം അടക്കാതെ തന്നെ മഞ്ഞ, പിങ്ക് കാർഡുകാർക്കുള്ള വിഹിതം എഫ്.സി.ഐയിൽ നിന്ന് കേരളത്തിന് നേരിട്ട് എടുക്കാം. എന്നാൽ മുൻഗണനാവിഭാഗത്തിന് സൗജന്യ റേഷൻ നൽകണമെങ്കിൽ വ്യാപാരികളുടെ കമീഷനും വാതിൽപ്പടി വിതരണം അടക്കം ചെലവുകളും സംസ്ഥാനം വഹിക്കേണ്ടിവരും. 45 കിൻറൽ വിതരണം ചെയ്യുന്ന വ്യാപാരിക്ക് 18,000 രൂപയാണ് നൽകേണ്ടത്. അതിന് മുകളിൽ ഓരോ ക്വിൻറലിനും 180 രൂപയും.
14,176 റേഷൻ കടകളിൽ 7814 റേഷൻകടകളുടെ ശരാശരി വരുമാനം 16,000 മുതൽ 25,000 രൂപ വരെയാണ്. 25,000 മുതൽ 35,000 വരെ വരുമാനമുള്ള 3977 കടകളും 35,000 മുതൽ 50,000 വരെയുള്ള വരുമാനമുള്ള 1108 കടകളും 55,000 മുതൽ 70,000 വരുമാനമുള്ള 39 കടകളുമുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ കണക്ക്. പ്രതിമാസം 15 കോടി രൂപയാണ് കമീഷൻ ഇനത്തിൽ സർക്കാറിന് ചെലവാകുന്നത്.
നിലവിലെ സാമ്പത്തികാവസ്ഥയിൽ ഈ ബാധ്യത സംസ്ഥാനം ഏറ്റെടുക്കുന്നതിനുള്ള സാധ്യത വിരളമാണ്.
വേതന പാക്കേജ് പരിഷ്കരിക്കണം
മുൻഗണനവിഭാഗത്തിന് കേന്ദ്രം സൗജന്യ റേഷൻ പ്രഖ്യാപിച്ചതോടെ ലാഭം സംസ്ഥാന സർക്കാറിനാണ്. എഫ്.സി.ഐയിൽ അടക്കേണ്ടിയിരുന്ന തുകയുടെ ഒരു ഭാഗം റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണത്തിന് ഉപയോഗിക്കണം. വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് ഒരുരൂപ പോലും സർക്കാർ നൽകുന്നില്ല. കോവിഡ് കാലത്ത് 65 ഓളം റേഷൻ വ്യാപാരികൾ മരണപ്പെട്ടിട്ടും സഹായിച്ചില്ല.
ടി. മുഹമ്മദാലി
(എ.കെ.ആർ.ആർ.ഡി.എ,
സംസ്ഥാന ജനറൽ സെക്രട്ടറി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.