കരാർ പ്രതിസന്ധി ഒഴിഞ്ഞിട്ടും 1000 മെഗാവാട്ട് യൂനിറ്റ് കുറവെന്ന്
text_fieldsപാലക്കാട്: അംഗീകാരമില്ലാത്ത വൈദ്യുതി കരാറുകൾക്ക് അനുമതി നൽകിയിട്ടും സംസ്ഥാനത്ത് ഉപഭോഗം കൂടുന്ന സമയങ്ങളിൽ (പീക്ക് അവർ) 1000 മെഗാവാട്ട് യൂനിറ്റ് വൈദ്യുതിക്കുറവ് ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി. ഡിസൈൻ ബിൽഡ് ഫിനാൻസ് ഓൺ ആൻഡ് ഓപറേറ്റ് (ഡി.ബി.എഫ്.ഒ.ഒ) വ്യവസ്ഥയിൽ സ്വകാര്യ താപവൈദ്യുതി നിലയങ്ങളുമായി ഉണ്ടാക്കിയ കരാറിൽ നിന്ന് 465 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. അത് വൈകീട്ട് ആറ് മുതൽ 10 വരെയുള്ള സമയത്തിന്റെ 10 ശതമാനം വരെ മാത്രമേ വരൂവെന്ന് കെ.എസ്.ഇ.ബി റഗുലേറ്ററി കമീഷന് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1600 മെഗാവാട്ടാണ് സംസ്ഥാനത്തിന്റെ ശരാശരി വൈദ്യുതി ഉൽപാദനം. 1600 മെഗാവാട്ട് കേന്ദ്രവിഹിതമായും 1200 മെഗാവാട്ട് പുറത്ത് നിന്നും വാങ്ങിക്കുന്നു.
ഉപഭോഗം കൂടുന്ന സമയങ്ങളിൽ ശരാശരി 5000-5500 മെഗാവാട്ട് ഉപഭോഗം വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ബാക്കി വൈദ്യുതിക്കുള്ള സാധ്യതകൾ തേടണം. ഈ ഊർജാവശ്യ പശ്ചാത്തലത്തിൽ ദീർഘകാല കരാറായാലും അവ അത്യന്താപേക്ഷിതമാണെന്ന് സർക്കാർ റഗുലേറ്ററി കമീഷന് നൽകിയ ശിപാർശയിൽ വ്യക്തമാക്കുന്നു. കോവിഡ് വ്യാപന ശേഷം രാജ്യത്ത് വൈദ്യുതി ഉപഭോഗത്തിൽ വൻ വർധനവുണ്ടായതായി റഗുലേറ്ററി കമീഷൻ രേഖകൾ വ്യക്തമാക്കുന്നു.
വൈദ്യുതി വാഹനങ്ങളുടെ ആധിക്യവും ഉപഭോഗം കൂട്ടി. സംസ്ഥാനത്ത് ഉപഭോഗാധിക്യ സമയങ്ങളിൽ 250 മുതൽ 350 മെഗാവാട്ട് അധിക ഉപഭോഗം ഓരോ വർഷവും പ്രതീക്ഷിക്കണം. ഉപഭോഗത്തിൽ 4.2 ശതമാനം വർധനയുണ്ടാകുന്നുണ്ട്. അതായത് പ്രതിവർഷം 1250 മില്യൺ യൂനിറ്റ് മുതൽ 2000 മെഗാ യൂനിറ്റ് വരെ ഊർജം അധിക ആവശ്യത്തിന് കരുതേണ്ടതുണ്ടെന്നും പുതിയ ഊർജസ്രോതസ്സുകൾ കണ്ടെത്തിയില്ലെങ്കിൽ 2013-14 ലേത് പോലെ പവർകട്ടും നിയന്ത്രണവും വേണ്ടിവരുമെന്നും റഗുലേറ്ററി കമീഷൻ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.