വാർഷിക പരീക്ഷ: ആദ്യപാഠഭാഗങ്ങൾക്ക് പ്രാധാന്യം നൽകി ചോദ്യപേപ്പർ
text_fieldsതിരുവനന്തപുരം: ഫോക്കസ് ഏരിയ ഇല്ലെങ്കിലും സ്കൂൾ വാർഷിക പരീക്ഷക്ക് പാഠപുസ്തകങ്ങളിലെ ആദ്യഭാഗങ്ങൾക്ക് പ്രാധാന്യം നൽകി ചോദ്യപേപ്പർ തയാറാക്കുന്നു. 14 ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലായി (ഡയറ്റ്) വാർഷിക പരീക്ഷക്ക് ചോദ്യപേപ്പർ തയാറാക്കുന്നതിനു ശിൽപശാല ആരംഭിച്ചു. ചോദ്യപേപ്പർ തയാറാക്കാൻ എസ്.സി.ഇ.ആർ.ടി ഡയറക്ടർ പ്രത്യേക മാർഗരേഖ ഇറക്കി.
ചോദ്യം തയാറാക്കാൻ എല്ലാ പാഠഭാഗവും ഉപയോഗപ്പെടുത്താമെങ്കിലും ആദ്യഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നാണു നിർദേശം. എല്ലാ വിദ്യാർഥികൾക്കും ഉത്തരമെഴുതാൻ കഴിയുന്ന ചോദ്യങ്ങൾ പരമാവധി ഉൾപ്പെടുത്തണം. ഓരോ വിഭാഗത്തിലും 50 ശതമാനം അധിക ചോദ്യം നൽകണം. ചോദ്യപാറ്റേൺ മുൻവർഷങ്ങളിലേത് പിന്തുടരണം. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾക്ക് പാഠഭാഗങ്ങൾ പഠിപ്പിച്ചുതീരാതെ വാർഷിക പരീക്ഷ നടത്തുന്നതിൽ വിമർശനം ഉയർന്നിരുന്നു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ച സമ്പ്രദായം പിന്തുടരുമ്പോഴും മറ്റ് ക്ലാസുകളുടെ വാർഷിക പരീക്ഷക്ക് മുഴുവൻ പാഠഭാഗവും ഉൾപ്പെടുത്തി ചോദ്യപേപ്പർ തയാറാക്കാനുള്ള തീരുമാനം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾ നിർദേശിച്ച പഠനനേട്ടങ്ങൾ ആർജിച്ചിട്ടുണ്ടോ എന്നറിയാൻ പ്രവർത്തന കാർഡുകൾ (വർക്ക് ഷീറ്റ്) ഉപയോഗിച്ച് വിലയിരുത്തൽ നടത്തും.
ഇതിന് സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) മുൻ വർഷം തയാറാക്കിയ വർക്ക് ഷീറ്റുകൾ പരിഷ്കരിച്ച് ഉപയോഗിക്കും. മാർച്ച് 22ന് മുമ്പ് വർക്ക് ഷീറ്റുകൾ എസ്.എസ്.കെ സ്കൂളുകളിൽ എത്തിക്കണം. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള ചോദ്യപേപ്പർ എസ്.എസ്.കെ മേൽനോട്ടത്തിൽ ശിൽപശാല നടത്തി തയാറാക്കി അച്ചടിച്ച് സ്കൂളുകളിൽ എത്തിക്കണം.
എട്ട്, ഒമ്പത് ക്ലാസുകളിലെ ചോദ്യപേപ്പർ ആണ് എസ്.സി.ഇ.ആർ.ടി നേതൃത്വത്തിൽ ഡയറ്റുകളുടെ സഹകരണത്തോടെ തയാറാക്കുന്നത്. ഈ ചോദ്യപേപ്പർ മാർച്ച് രണ്ടിനകം എസ്.സി.ഇ.ആർ.ടിയിൽ എത്തിച്ച് അച്ചടിക്കാൻ പാകത്തിൽ മാർച്ച് നാലിനകം എസ്.എസ്.കെ ക്ക് കൈമാറണം.
ചോദ്യപേപ്പറുകളിൽ ഭരണഘടനാവിരുദ്ധതയോ വിവാദങ്ങൾക്കിടയാക്കുന്ന പരാമർശങ്ങളോ ഇല്ലെന്ന് ഉറപ്പാക്കണം. ഏപ്രിൽ ആദ്യം വാർഷിക പരീക്ഷ നടത്തുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനമെങ്കിലും മാർച്ച് അവസാനം നടത്താനുള്ള സാധ്യതയാണ് ഇപ്പോൾ പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.