വാർഷിക പദ്ധതി പാതി വെട്ടി
text_fieldsതിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിവിഹിത വിനിയോഗത്തിൽ വെട്ടിക്കുറവ് വരുത്തി സർക്കാർ. ഇതിനകം ഭരണാനുമതി നൽകിയ പദ്ധതികളിൽ അനിവാര്യമല്ലാത്തത് മാറ്റിവെക്കുകയോ അനിവാര്യമായവയുടെ വിഹിതം 50 ശതമാനമായി കുറക്കുകയോ ചെയ്യാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ക്ഷേമ പെൻഷനുകളടക്കമുള്ളവയെ ഇതു ബാധിക്കില്ലെങ്കിലും വിവിധ വകുപ്പുകളുടെ പ്രവർത്തനവും നിർമാണ പദ്ധതികളും അവതാളത്തിലാക്കും.
2024-25 സാമ്പത്തികവർഷം 29,890 കോടിയാണ് സർക്കാർ വാർഷിക പദ്ധതിക്കായി അനുവദിച്ചത്. ഇതിൽ 10 കോടിക്ക് മുകളിൽ അടങ്കലുള്ള തുടർപദ്ധതികൾ/ പദ്ധതികൾ ഉൾപ്പെടെയുള്ളവയുടെ അനിവാര്യത ചീഫ് സെക്രട്ടറി, ധനകാര്യ-ആസൂത്രണ വകുപ്പ് സെക്രട്ടറിമാർ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി പരിശോധിക്കും. തുടർന്ന് പദ്ധതി മാറ്റിവെക്കുകയോ അനിവാര്യത കണക്കിലെടുത്ത് വകുപ്പിന് ഭരണാനുമതി നൽകിയ ആകെ തുകയുടെ 50 ശതമാനമായി നിജപ്പെടുത്തുകയോ ചെയ്യും. 10 കോടി രൂപക്ക് താഴെയുള്ള തുടർപദ്ധതികൾ/പദ്ധതികൾ എന്നിവയിൽ മാറ്റിവെക്കലും 50 ശതമാനം വെട്ടിക്കുറവ് വരുത്തലും വകുപ്പ് സെക്രട്ടറി വകുപ്പ് അധ്യക്ഷനുമായി കൂടിയാലോചിച്ചാകും തീരുമാനിക്കുക. വകുപ്പിന് ഭരണാനുമതി നൽകിയ മൊത്തം തുക 50 ശതമാനമായി നിജപ്പെടുത്തി പട്ടിക ചീഫ് സെക്രട്ടറിക്ക് നൽകണം. സെക്രട്ടറിമാർ ചീഫ് സെക്രട്ടറിക്ക് നിർദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനൊപ്പം ആസൂത്രണ ബോര്‍ഡ് അംഗങ്ങളെ അറിയിക്കാനും നിർദേശിച്ചു. ആസൂത്രണ ബോർഡ് അംഗങ്ങൾ അഭിപ്രായം വൈസ് ചെയർപേഴ്സൺ വഴി മന്ത്രിസഭ ഉപസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ ചീഫ് സെക്രട്ടറി/ വകുപ്പ് സെക്രട്ടറിയെ നേരിട്ട് അറിയിക്കുകയോ വേണം. ചീഫ് സെക്രട്ടറി ഇക്കാര്യം കാര്യക്ഷമമായി നടപ്പാക്കാൻ മേൽനോട്ടം വഹിക്കും.
ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞ പദ്ധതികർക്ക് മാര്‍ഗനിര്‍ദേശം ബാധകമല്ലെന്നും സർക്കാർ വ്യക്തമാക്കി. ക്ഷേമ പെൻഷൻ കുടിശ്ശിക, സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശിക, വിവിധ ജില്ലകൾക്കായുള്ള പാക്കേജുകൾ, സ്കോളർഷിപ്പുകൾ, ധനസഹായങ്ങൾ, നെല്ല് സംഭരണം, കരാറുകാർക്കുള്ള കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിലാണ് പണം ചെലവിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. ഇവക്കുകൂടി പണം വിനിയോഗിക്കാവുന്ന വിധമാണ് വാർഷിക പദ്ധതിയിലെ വെട്ടിച്ചുരുക്കൽ.
എന്നാൽ, സാമ്പത്തിക വർഷം പകുതിയാകുംമുമ്പ് വാർഷിക പദ്ധതി ചുരുക്കുന്നത് വകുപ്പുകളുടെ ശ്വാസംമുട്ടിക്കും. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും 24,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടത് കേന്ദ്രം പരിഗണിക്കാത്തതും സംസ്ഥാനത്തിന് തിരിച്ചടിയായിരുന്നു. തനത് വരുമാനം വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വാർഷിക പദ്ധതി വെട്ടിക്കുറവ് മാത്രമാണ് സർക്കാറിന് മുന്നിലുണ്ടായിരുന്ന പോംവഴി.
നൂറുദിന പരിപാടികൾ യഥാസമയം പൂർത്തിയാക്കും
തിരുവനന്തപുരം: ജൂലൈ 15 മുതല്‍ ഓക്ടോബര്‍ 22 വരെ നടത്താന്‍ നിശ്ചയിച്ച നാലാം നൂറുദിന പരിപാടികള്‍ നിശ്ചിത സമയത്തുതന്നെ പൂര്‍ത്തീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആകെ 1070 പദ്ധതികളാണ് നിശ്ചയിച്ചത്. എല്ലാ പരിപാടികളും ജനകീയമായി സംഘടിപ്പിക്കും. പ്രാദേശകതലങ്ങളില് സംഘാടക സമിതി രൂപവത്കരിച്ച് മുന്നൊരുക്കവും പ്രചാരണവും സംഘടിപ്പിക്കണം. ചൂരല്‍മല, മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തില്‍ ചില തടസ്സങ്ങള്‍ നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.