'മെല്ലെപ്പോക്ക്'; വാർഷിക പദ്ധതി വിനിയോഗം തീരെ കുറവ്
text_fieldsതിരുവനന്തപുരം: വാർഷിക പദ്ധതി വിനിയോഗം സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരിക്കെ ഖജനാവ് കടുത്ത സമ്മർദത്തിലായത് വിനിയോഗം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകും. ഇക്കൊല്ലത്തെ ഇതുവരെയുള്ള വിനിയോഗം 56.98 ശതമാനം മാത്രമാണ്. കഴിഞ്ഞവർഷം ഇതേസമയം 64 ഉം 20-21ൽ 68 ഉം ശതമാനം വിനിയോഗം പൂർത്തീകരിച്ചിരുന്നു. ശേഷിക്കുന്ന 38 ദിവസം കൊണ്ട് 43 ശതമാനം പദ്ധതി വിഹിതം ചെലവിടേണ്ട സ്ഥിതിയാണിപ്പോൾ. ശരിയായ രീതിയിൽ ഇത് ചെലവിടുക അസാധ്യമാണ്.
പദ്ധതി വിഹിതം നഷ്ടമാകാതിരിക്കാൻ വകുപ്പുകളിൽനിന്ന് ധനവകുപ്പിലേക്ക് ബില്ലുകളുടെ കുത്തൊഴുക്ക് ആരംഭിച്ചു കഴിഞ്ഞു. ബില്ലുകൾ പാസാക്കുകയും പണം പിന്നീട് നൽകാൻ ക്യൂവിലേക്ക് മാറ്റുകയും ചെയ്യുന്ന രീതി ഇക്കുറി വേണ്ടിവരും. കഴിഞ്ഞ വർഷം ഇതുണ്ടായിരുന്നില്ല. അന്ന് സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ 31ന് ഒരു ബില്ലും സ്വീകരിച്ചില്ല. ട്രഷറി കൂടുതൽ സമ്മർദത്തിലായതോടെയാണ് പാസാക്കാവുന്ന പരിധി തിങ്കളാഴ്ച പത്ത് ലക്ഷം രൂപയായി കുറച്ചത്. നിലവിൽ ഇത് 25 ലക്ഷമായിരുന്നു. ഉയർന്ന തുകയുടെ ബിൽ പാസാക്കാൻ ധനവകുപ്പ് അനുമതി വേണം. പത്ത് ലക്ഷത്തിൽ താഴെയുള്ള പല ബില്ലുകളായി ഇത് ട്രഷറിയിൽ വന്നേക്കും. എന്നാലും, ഒരു ദിവസം ഒരു ബില്ലേ വരികയുള്ളൂ. ഇതുവഴി പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാകും. പത്ത് ലക്ഷമായി കുറച്ചതിന് പിന്നാലെ വിരമിക്കുന്ന ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് തുക നൽകുന്നതിനും നിയന്ത്രണം വരും. കടമെടുത്താണ് സാധാരണ മാർച്ചിലെ ചെലവുകൾ നേരിടുന്നത്. കിഫ്ബി, പെൻഷൻ കമ്പനികളുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പരിധിയിൽ പെടുത്തിയതോടെ കൂടുതൽ കടമെടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. വളരെ കുറഞ്ഞ തുക മാത്രമാണ് ഇനി കടമെടുക്കാനാകുക. ഈ ഘട്ടത്തിൽ ട്രഷറിയിലെ പണച്ചുരുക്കം മറികടക്കാൻ വിവിധ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെ പണം ട്രഷറിയിലെത്തിക്കാൻ ശ്രമം തുടങ്ങി.
ഇക്കൊല്ലത്തെ 39640 കോടിയുടെ സംസ്ഥാന പദ്ധതിയിൽ 58.14 ശതമാനംവരെ മാത്രമാണ് ചൊവ്വാഴ്ചവരെ വിനിയോഗിച്ചത്. 8048 കോടിയുടെ തദ്ദേശസ്ഥാപന വിഹിതത്തിൽ വിനിയോഗം 58.29 ശതമാനം മാത്രമാണ്. തദ്ദേശമൊഴികെ 22,322 കോടിയുടെ സംസ്ഥാന പദ്ധതിയിൽ 56.25 ശതമാനമേ വിനിയോഗിക്കാനായുള്ളൂ. കേന്ദ്ര സഹായമുള്ള 9270 കോടിയിൽ 62.55 ശതമാനമാണ് വിനിയോഗം. മുൻ വർഷങ്ങളെക്കാൾ ഫെബ്രുവരിയിലെ പദ്ധതി വിനിയോഗവും ഏറെ താഴെയാണ്. കഴിഞ്ഞവർഷം 93.48 ശതമാനവും 20-21ൽ 97.97 ശതമാനവും വിനിയോഗമുണ്ടായിരുന്നു. ഇത് കോവിഡ് പ്രതിസന്ധി നിന്ന കാലത്തായിരുന്നു. അതിനെക്കാൾ മോശമായ സ്ഥിതിയിലേക്ക് ഇക്കുറി പോകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.