പദ്മനാഭസ്വാമി ക്ഷേത്രത്തിന് വാർഷിക വേതനവർധന സർക്കാർ പരിഗണനയിൽ
text_fieldsകൊച്ചി: തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന് സർക്കാർ നൽകിവരുന്ന വാർഷിക വേതനം വർധിപ്പിക്കാനുള്ള നിയമഭേദഗതി സജീവ പരിഗണനയിലുണ്ടെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു. വേതന വർധന ആവശ്യപ്പെട്ട് തിരുവല്ല സ്വദേശി ശിൽപ നായർ നൽകിയ ഹരജി, സർക്കാറിന്റെ ഈ വിശദീകരണം കണക്കിലെടുത്ത് തള്ളി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
നിലവിലെ സാഹചര്യങ്ങളും ദൈനംദിന ചെലവുകളിലുണ്ടായ വർധനയും കണക്കിലെടുത്തു വാർഷിക വേതനം വർധിപ്പിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. ക്ഷേത്രത്തിന്റെ ഭൂസ്വത്ത് പണ്ടാരവക നിയമപ്രകാരം സർക്കാറിനു കൈമാറിയതിനു പ്രതിഫലമായി വർഷംതോറും 58,500 രൂപയാണ് നൽകി വരുന്നത്. 1971ൽ നിശ്ചയിച്ച ഈ തുക പിന്നീട് വർധിപ്പിച്ചിട്ടില്ലെന്നും നാലുവർഷം കൂടുമ്പോൾ തുക കൂട്ടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. 2017നുശേഷം തുക നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
വാർഷിക വേതനം വർധിപ്പിക്കാനുള്ള ബിൽ 2017ൽ കൊണ്ടുവന്നെങ്കിലും നിയമസഭയുടെ കാലാവധി കഴിഞ്ഞതിനാൽ പാസാക്കാൻ കഴിഞ്ഞില്ലെന്നും പുതിയ ബില്ലിന് ധന വകുപ്പിന്റെ അനുമതി ലഭിച്ചെന്നും ഇതു സജീവ പരിഗണനയിലുണ്ടെന്നും സർക്കാർ വിശദീകരിച്ചു. 2019 വരെയുള്ള തുക നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. തുടർന്നാണ് ഹരജി തള്ളിയത്.
പണ്ടാരവക നിയമപ്രകാരം വാർഷിക വേതനം നൽകുന്നതിനു പുറമെ മതധർമ സ്ഥാപനങ്ങൾക്കു നഷ്ടപരിഹാരം നൽകുന്ന തിരുപ്പുവാരം പേമെന്റ് ആക്ട് പ്രകാരം 31,998.69 രൂപയും തിരുവിതാംകൂർ -കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം 20 ലക്ഷം രൂപയും ക്ഷേത്രത്തിന് ലഭിക്കുന്നുണ്ടെന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.