കുഞ്ഞുമോളെ ഇടിച്ചിട്ടും വണ്ടിയെടുക്കാൻ പറഞ്ഞത് ശ്രീക്കുട്ടി; അജ്മലിനെതിരെ നരഹത്യാകുറ്റം
text_fieldsകൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി കുഞ്ഞുമോളെ ഇടിച്ചിട്ട് ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊന്ന അജ്മലിനെയും കൂടെയുണ്ടായിരുന്ന ഡോ. മായ ശ്രീക്കുട്ടിയെയും പൊലീസ് ചോദ്യം ചെയ്യുന്നു. അജ്മലിനെതിരെ നരഹത്യാകുറ്റം ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ നേരത്തെ വഞ്ചന, ചന്ദനക്കടത്ത് തുടങ്ങിയവക്ക് കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, തങ്ങൾ സഞ്ചരിച്ച കാർ ഒരു സ്ത്രീയെ ഇടിച്ചിട്ടിട്ടും മുന്നോട്ടെടുക്കാൻ പറഞ്ഞത് മദ്യലഹരിയിലായിരുന്ന ശ്രീക്കുട്ടിയാണെന്ന വിവരം പുറത്തുവന്നു. ദൃക്സാക്ഷികളാണ് ഈ വിവരം പങ്കുവെച്ചത്.
ആദ്യം കാർ നിർത്തിയ അജ്മൽ ഉടൻ കുറച്ച് പിന്നോട്ടെടുത്ത് വേഗത്തിൽ മുന്നോട്ടെടുത്ത് റോഡിൽ കിടക്കുകയായിരുന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി പാഞ്ഞുപോകുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ വണ്ടി നിർത്താൻ അലറി വിളിച്ച് പറഞ്ഞിട്ടും കേൾക്കാതെയാണ് കാർ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയത്. ഇക്കാര്യം സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 5.45ഓടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പലചരക്കുകടയിൽനിന്ന് സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ റോഡിലേക്ക് ഇറങ്ങവെ തെറ്റായ ദിശയിലൂടെ വന്ന കാർ പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോളെയും (47) കൂടെയുണ്ടായിരുന്ന ഫൗസിയയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മലും തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയും കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ ഡോക്ടറുമായ മായ ശ്രീക്കുട്ടിയും തിരുവോണദിവസം സുഹൃത്തിന്‍റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു. അജ്മലും ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നെന്ന് ക്രൂരസംഭവത്തിന് സാക്ഷികളായ നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തങ്ങൾ മദ്യപിച്ചിരുന്നെന്ന് അജ്മൽ പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്.
ആദ്യം കസ്റ്റഡിയിലായത് ശ്രീക്കുട്ടി
സംഭവസ്ഥലത്തുനിന്ന് ഇരുവരും രക്ഷപ്പെട്ടെങ്കിലും ശ്രീക്കുട്ടിയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലായ്. നിര്‍ത്താതെ വേഗത്തിൽ കാറോടിച്ച് പോയ അജ്മലിനെയും ശ്രീക്കുട്ടിയെയും നാട്ടുകാർ പിന്തുടരുകയായിരുന്നു. കുറച്ച് മുന്നോട്ട് പോയി കാർ നിർത്തി അജ്മൽ ഇറങ്ങിയോടി. മായ ശ്രീക്കുട്ടി കാറിൽ തന്നെ ഇരിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഒളിവിൽ പോയ അജ്മലിനെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്.
യുവ ഡോക്ടറുടെ ജോലി തെറിച്ചു
യുവ ഡോക്ടർ ശ്രീക്കുട്ടിയെ ആശുപത്രിയിൽനിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽനിന്നാണ് പുറത്താക്കിയത്. ആശുപത്രിക്ക് കളങ്കമുണ്ടാക്കുന്ന നടപടി ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാലാണ് നടപടിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
ക്രൂര സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ല പൊലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.