പൊലീസ് സ്റ്റേഷനിൽ ഹാൻസ് പ്രതികൾക്ക് മറിച്ചുവിറ്റ സംഭവം; ഒരാൾ കൂടി പിടിയിൽ
text_fieldsകോട്ടക്കൽ: കോടതി നശിപ്പിക്കാൻ ഉത്തരവിട്ട ലഹരി ഉൽപന്നങ്ങൾ പൊലീസ് പ്രതികൾക്ക് മറിച്ചുവിറ്റ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി കാരപ്പറമ്പിൽ അബ്ദുൽ നാസറിനെയാണ് (43) ഡി.സി.ആർ.ബി ഡിവൈ.എസ്.പി മോഹനചന്ദ്രൻ അറസ്റ്റ് ചെയ്തത്. നേരേത്ത അറസ്റ്റിലായ കോട്ടക്കൽ സ്റ്റേഷനിലെ എ.എസ്.ഐ രചീന്ദ്രൻ, എസ്.സി.പി.ഒ സജി അലക്സാണ്ടർ (49) എന്നിവരുടെ സഹായത്തോടെ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിസാധനങ്ങൾ കടത്തിയത് നാസറാണെന്ന് പൊലീസ് പറഞ്ഞു.
ഏപ്രില്‍ 21നാണ് 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ കോട്ടക്കല്‍ പൊലീസ് പിടികൂടിയത്. കേസില്‍ ഇപ്പോൾ അറസ്റ്റിലായ അബ്ദുൽ നാസർ, അഷ്റഫ് എന്നിവരിൽനിന്നാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നത്. പിടികൂടിയ 48,000 പാക്കറ്റ് ഹാന്‍സ് പിന്നീട് കോടതി ഉത്തരവിനെ തുടർന്ന് നശിപ്പിക്കാനായി സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇത് ഒന്നര ലക്ഷത്തോളം രൂപക്ക് പൊലീസ് പ്രതികൾക്കുതന്നെ വിറ്റെന്നാണ് കേസ്.
അന്വേഷണവിധേയമായി ഉദ്യോഗസ്ഥരെ ജില്ല പോലീസ് മേധാവി സുജിത് ദാസ് സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.