തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബാ രാംദേവിനെതിരെ വീണ്ടും കേസ്
text_fieldsപാലക്കാട്: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ കോടതിയലക്ഷ്യ നടപടി നേരിട്ട ബാബാ രാംദേവിനും ബാലകൃഷ്ണക്കുമെതിരെ വീണ്ടും ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ കേസ്. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബ്ൾ അഡ്വർടൈസ്മെന്‍റ്) ആക്ട് 1954 ലംഘിക്കുന്നെന്ന പരാതിയിൽ പതഞ്ജലി ഗ്രൂപ്പിന്റെ ദിവ്യ ഫാർമസി ഉടമകളായ ദിവ്യ യോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബാ രാംദേവിനും ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണക്കുമെതിരെ പാലക്കാട് ജില്ല ഡ്രഗ്സ് വകുപ്പാണ് മൂന്ന് കേസുകൾ കോടതിയിൽ ഫയൽ ചെയ്തത്.
കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നതിന് പിന്നാലെയാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ മൂന്ന് കേസുകളെത്തുന്നത്. തൃശൂർ അസി. ഡ്രഗ്സ് കൺട്രോളറുടെ മേൽനോട്ടത്തിൽ പാലക്കാട് ജില്ലയിലെ ഡ്രഗ്സ് ഇൻസ്പെക്ടർമാരായ ഡി. ദിവ്യ, എ.കെ. ലിജീഷ്, കെ.കെ. ഷഫനാസ് എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച പത്ര സ്ഥാപനവും സാക്ഷിപ്പട്ടികയിലുണ്ട്. നിരോധിക്കപ്പെട്ട പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിലൂടെ ചട്ടം ലംഘിച്ചതിന് ദിവ്യ ഫാർമസിക്കെതിരെ ഇതുവരെ 33 എഫ്.ഐ.ആർ വിവിധ ജില്ലകളിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.