മലപ്പുറം എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി
text_fieldsഎടക്കര: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കുടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി ചെരുവിളകത്ത് സലീമിൻ്റെ മകൻ അബ്ദുൽ റഹീമാണ് മരിച്ചത്. 32 വയസായിരുന്നു. ഇതോടെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
എടക്കര പൊട്ടൻതരിപ്പ പുത്തൻവാരിയത്ത് സജിത്ത് (47), പോത്തുകല്ല് സ്വദേശി പുളിക്കത്തറ മാത്യു എബ്രഹാം എന്ന പൊന്നച്ചൻ (61) എന്നിവരാണ് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. രോഗം ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസം എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റഹീമിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് ശനിയാഴ്ച പുലർച്ചെ ആറോടെയായിരുന്നു മരണം. മരിച്ച റഹീമിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം ഉച്ചക്ക് രണ്ടിന് ചെമ്പൻകൊല്ലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
പോത്തുകൽ പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന എടക്കര പഞ്ചായത്തിലെ ഒന്നാം വാർഡായ ചെമ്പൻകൊല്ലിയിൽ ഏഴുപേരാണ് നിലവിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്. രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിലെ മുഴുവൻ കിണറുകളും ശുചീകരിക്കുകയും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുകയും ചെയ്തതായി വാർഡംഗം കെ.പി.ജബ്ബാർ പറഞ്ഞു. ഭാര്യ: റുക്സാന. മക്കൾ: അംന, മിൻഹ, ആമീൻ. പിതാവ്: സലീം, മാതാവ്:റുഖിയ. സഹോദരങ്ങൾ: ഷഫീഖ്,നിസ,സിദ്ദീഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.