ശബരിഗിരിയിൽ ഒരു ജനറേറ്റർകൂടി കത്തിനശിച്ചു
text_fieldsപത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ഒരു ജനറേറ്റർകൂടി കത്തിനശിച്ചു. ആറാം നമ്പർ ജനറേറ്ററിന്‍റെ കോയിലാണ് കത്തിയത്. ഇതോടെ വൈദ്യുതി ഉൽപാദനത്തിൽ 60 മെഗാ വാട്ട് കുറവുണ്ടാകും. നേരത്തേ നാലാം നമ്പർ ജനറേറ്റർ കത്തിയിരുന്നു. അന്നുമുതൽ 55 മെഗാവാട്ടിന്റെ ഉൽപാദനക്കുറവുണ്ട്. ആറാം നമ്പർകൂടി കത്തിയതോടെ മൊത്തം 115 മെഗാവാട്ട് കുറയും. ലോഡ്ഷെഡിങ് വേണ്ടിവരില്ലെന്നാണ് സൂചന. തകരാർ പരിഹരിക്കാൻ മാസങ്ങളെടുക്കും.
കനത്ത മഴയെത്തുടർന്ന് സംഭരണികൾ നിറയുന്ന സാഹചര്യത്തിൽ വെള്ളം വെറുതെ ഒഴുക്കി കളയേണ്ട അവസ്ഥയാണ്. ശബരിഗിരിയിലെ പ്രധാന ഡാമായ കക്കി തിങ്കളാഴ്ച തുറന്നേക്കും. വൈദ്യുതി ഉൽപാദനം കുറഞ്ഞതിനാലാണ് ഡാം തുറക്കേണ്ടിവരുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. തീപടരുന്നത് ശ്രദ്ധയിൽപെട്ട ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് തീയണച്ചു. ഏപ്രിൽ ഒന്നിന് രാത്രിയുണ്ടായ തീപിടിത്തത്തിലാണ് നാലാം നമ്പർ ജനറേറ്റർ പ്രവർത്തനരഹിതമായത്. അതിന്‍റെ അറ്റകുറ്റപ്പണി ഇപ്പോഴും നടന്നുവരുകയാണ്.
ആകെ ആറ് ജനറേറ്ററാണുള്ളത്. കാലപ്പഴക്കം മൂലമാണ് ഇപ്പോൾ പ്രശ്നമുണ്ടായതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വീണ്ടും പ്രവർത്തിപ്പിക്കാനാകുമോയെന്ന് പറയാന്‍ സാധിക്കില്ല. ജനറേറ്റർ അടുത്ത വര്‍ഷം മാറ്റാനിരുന്നതാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.