നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ ഭൂമി കൈയേറാൻ വീണ്ടും നീക്കം-VIDEO
text_fieldsകോഴിക്കോട് : മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്കാരം നേരിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ ഭൂമി കൈയേറാൻ വീണ്ടും നീക്കം. ബുധനാഴ്ച വൈകിട്ടാണ് സംഘം ഭൂമിയിൽ കടന്നുകയറിയത്. നഞ്ചിയമ്മയുടെ ഊരിലെ ബന്ധുക്കൾ എത്തി തടഞ്ഞതിനാൽ അവർ പിൻവാങ്ങി.
നഞ്ചിയമ്മയുടെ ബന്ധുക്കളായ ഊരിലെ സ്ത്രീകൾ കൈയേറ്റം തടയുന്ന വീഡിയോ
നെല്ലിപ്പതിയിൽ നിരപ്പത്ത് ഹൗസിൽ ജോസഫ് കുര്യന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച ഭൂമി നിരപ്പാക്കാനെത്തിയത്. മണ്ണാർക്കാട് -ആനക്കെട്ടി റോഡിൽ പഴയ വില്ലേജ് ഓഫിസിന് മുന്നിലുള്ള കണ്ണായ സ്ഥലമാണിത്. ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്ന ശബ്ദംകേട്ട നാട്ടുകാരാണ് നഞ്ചിമ്മയുടെ ഊരിൽ വിവരം അറിയച്ചത്. ഊരിൽനിന്നെത്തിയ ആദിവാസി സ്ത്രീകൾ കൈയേറ്റം തടഞ്ഞു.
ഭൂമിയിൽ കൈയേറ്റം നടത്തിയ ജോസഫ് കുര്യനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഞ്ചിയമ്മയും ബന്ധുക്കളായ മരുതി, വസന്ത എന്നിവർ അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ല. കലക്ടർക്ക് പരാതി നൽകാൻ പറഞ്ഞ് അവരെ തിരിച്ചയച്ചുവെന്നാണ് മരുതി 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞത്. ഇതേസമയം, ഭൂമിയിലെ കാട്ടുവെട്ടാനെത്തിയ ജോസഫ് കുര്യന്റെ പരാതി പൊലീസ് സ്വീകരിക്കുകയും ചെയ്തുവെന്നാണ് മരുതി പറയുന്നത്.
ഈ കേസിൽ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് 2020 ഫെബ്രുവരി നാലിന് പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കവേയാണ് ഭൂമി കൈയേറ്റം നടത്തിയതെന്ന് നഞ്ചിയമ്മ പറയുന്നു. ഭൂമിക്കുമേൽ അവകാശമുന്നയിച്ച് മണ്ണാർക്കാട് അരകുരിശി കല്ലുവേലിൽ കെ.വി. മാത്യു, അഗളി നെല്ലിപ്പതി നിരപ്പത്ത് വീട്ടിൽ ജോസഫ് കുര്യൻ എന്നിവരാണ് കോടതിയിൽ ഹരജി നൽകിയത്. അഡ്വ. സുനിതാ വിനോദാണ് അവർക്ക് വേണ്ടി ഹാജരായത്.
ഹൈക്കോടതിയിൽ 2019 ൽ ഇരുകക്ഷികളും നൽകിയ ഹരജിയിൽ 2020 ഫെബ്രുവരി നാലിന് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് വിധി പ്രഖ്യാപിച്ചിരുന്നു. അഗളി വില്ലേജിലെ സർവേ നമ്പർ 1167/1, 6-ലെ ഭൂമി കൈവശം വയ്ക്കുന്നതും അനുഭവിച്ചറിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഈ കേസുകളിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് റിട്ട് ഹരജികളിലും പൊലീസ് സംരക്ഷണത്തിനാണ് പരാതി സമർപ്പിച്ചിരുന്നത്. രണ്ട് റിട്ട് പെറ്റീഷനുകളിലെയും ഹരജിക്കാർ വസ്തുവിന്മേൽ അവകാശവാദമുണ്ടെന്നാണ് വാദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
അതിനാൽ ഹൈകോടതിക്ക് രണ്ട് കേസുകളിലും പൊലീസ് സംരക്ഷണത്തിന് ഉത്തരവിടാൻ കഴിയില്ല. കാരണം സ്വത്തിന്റെ അവകാശം, കൈവശം എന്നിവ സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. സ്വത്ത് കൈവശം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് സിവിൽ കോടതിയെ സമീപിക്കണമെന്നായിരുന്നു ഹൈകോടതി വിധി. രണ്ട് റിട്ട് ഹർജികളും ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് തള്ളിയിരുന്നു.
സംസ്ഥാന ആഭ്യന്തര വകുപ്പ്, ജില്ല പൊലീസ് മേധാവി, അഗളി ഡെപ്യൂട്ടി സൂപ്രണ്ട്, അഗളി സർക്കിൾ ഇൻസ്പെക്ടർ, അഗളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ, എന്നിവർക്കും പരാതിക്കാരായ അട്ടപ്പാടി സംരക്ഷണ സമിതി എം. സുകുമാരൻ, ഊരിലെ നഞ്ചപ്പൻ, കുമാരപ്പൻ, മരുതി, പൊന്നി, വസന്ത, പുഷ്പ, കൗസല്യ എന്നിവർക്കും കോടതി ഉത്തരവിന്റെ പകർപ്പ് അയച്ചിരുന്നു. എന്നിട്ടും അഗളി പൊലീസ് പരാതി സ്വീകരിക്കാതെ മടക്കി അയച്ചുവെന്നാണ് മരുതി പറയുന്നത്.
നേരത്തെ നിയമസഭയിൽ സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ നഞ്ചിയമ്മയുടെ ഭൂമി കൈയേറുന്നത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. നഞ്ചിയമ്മയുടെ ഭൂമിയിൽ നിലവിലെ ഹരജി പ്രകാരം നടപടികൾ തുടരുകയാണെന്നാണ് മന്ത്രി കെ. രാജൻ നൽകിയ മറുപടി. ഇതിനിടയിലാണ് ബലമായി ഭൂമി പിടിച്ചെടുക്കാൻ ജോസഫ് കുര്യൻ നീക്കം നടത്തിയത്. നേരത്തെ ഭൂമി പിടിച്ചെടുക്കാൻ നീക്കം നടന്നപ്പോൾ നഞ്ചിയമ്മയുടെ നാല് ഏക്കർ ഭൂമി തിരികെ ലഭിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.