ബംഗളൂർ -കണ്ണൂർ എക്സ്പ്രസ് കോഴിക്കോടെത്തും; സർവിസ് ഉടൻ
text_fieldsകോഴിക്കോട്: മലബാറിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യമായ ബംഗളൂർ -കണ്ണൂർ 16511/12 യശ്വന്ത്പുർ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടി റെയിൽവേ മന്ത്രാലയം ഉത്തരവായി. ബംഗളൂർ റൂട്ടിൽ മലബാറിൽനിന്നുള്ള ട്രെയിനുകളുടെ അപര്യാപ്തതയും യാത്രാക്ലേശവും ചൂണ്ടിക്കാട്ടി നാലു വർഷത്തിലേറേയായി എം.കെ. രാഘവൻ എം.പിയുടെ നേതൃത്വത്തിൽ യാത്രക്കാർ ഉന്നയിക്കുന്ന സുപ്രധാന ആവശ്യങ്ങളിലൊന്നാണ് യാഥാർഥ്യമാവുന്നത്.
സാങ്കേതികാനുമതികൾ പൂർത്തിയായിട്ടും റെയിൽവേയുടെ പച്ചക്കൊടി വൈകുന്നത് മാധ്യമം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ബംഗളൂരുവിൽനിന്ന് മംഗളൂരു-ഹാസൻ വഴി കണ്ണൂരിലെത്തുന്ന ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നത് ഉത്തര മലബാറിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. സർവിസ് ആരംഭിക്കുന്നതോടെ കോഴിക്കോടുനിന്ന് കണ്ണൂർ, കാസർകോട് ഭാഗത്തേക്കുള്ള സായാഹ്ന സർവിസുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്കിന് ചെറിയതോതിലെങ്കിലും ആശ്വാസമാവും.
ഹൂബ്ലിയിലെത്തി സൗത്ത് വെസ്റ്റ് റെയിൽവേ ജനറൽ മാനേജറെ നേരിൽകണ്ട് ട്രെയിൻ കോഴിക്കോട്ടുവരെ നീട്ടുന്നതിനുള്ള അനുമതി വാങ്ങുകയായിരുന്നു. സാങ്കേതികാനുമതികൾ പൂർത്തിയായിട്ടും അനുമതി വൈകിയതോടെ ടൈംടേബിൾ കമ്മിറ്റി സമർപ്പിച്ച ആവശ്യങ്ങൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെയും ബോർഡ് ചെയർമാനെയും എം.പി നേരിൽ കണ്ട് വിഷയം ഉന്നയിക്കുകയും ചെയ്തു. ഈ ആവശ്യമാണ് റെയിൽവേ അംഗീകരിച്ച് സർവിസ് കോഴിക്കോട് വരെ നീട്ടാനും തീരുമാനമായത്. ബംഗളൂർ -കോയമ്പത്തൂർ, ഗോവ-മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ്, ബാംഗ്ലൂർ-കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ കോഴിക്കോട് വരെ നീട്ടാൻ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും എം.പി വ്യക്തമാക്കി.
സർവിസ് ഉടൻ
ഉടൻ സർവിസ് ആരംഭിക്കാനാണ് സൗത്ത് വെസ്റ്റേൺ, സതേൺ റെയിൽവേകൾക്ക് റെയിൽവേ ബോർഡ് നൽകിയ നിർദേശം. രാത്രി 9.35ന് കെ.എസ്.ആർ ബാംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് രാവിലെ 10.55ന് കണ്ണൂരിൽ എത്തുകയും 11ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.40ന് കോഴിക്കോട് എത്തുന്ന രീതിയിലും തിരിച്ച് വൈകീട്ട് 3.30ന് കോഴിക്കോടുനിന്ന് പുറപ്പെട്ട് അഞ്ചിന് കണ്ണൂരിൽ എത്തി 5.05 ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.35ന് ബാംഗ്ലൂരിൽ എത്തുന്ന രീതിയിലാണ് സമയക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.