കേന്ദ്ര സർവകലാശാല വി.സി നിയമനം ചോദ്യം ചെയ്ത് ഹൈകോടതിയിൽ വീണ്ടും ഹരജി
text_fieldsകൊച്ചി: കാസർകോട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. എച്ച്. വെങ്കിടേശ്വരലുവിന്റെ നിയമനം ചോദ്യം ചെയ്ത് ഹൈകോടതിയിൽ വീണ്ടും ഹരജി. നിയമനം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് അപേക്ഷകനായിരുന്ന ഗുജറാത്ത് സ്വദേശി ഡോ. ടി.എസ്. ഗിരീഷ് കുമാറാണ് ഹരജി നൽകിയത്. ഹരജിയിൽ കേന്ദ്ര സർക്കാറിനും കേന്ദ്ര സർവകലാശാലക്കും വൈസ് ചാൻസലർക്കും നോട്ടീസ് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
വെങ്കിടേശ്വരലുവിനെ പദവിയിൽ തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സ്വദേശി ഡോ. നവീൻ പ്രകാശ് നൗട്യാൽ നൽകിയ ക്വോ വാറന്റോ ഹരജിയിൽ ഇതേ എതിർകക്ഷികളോട് നേരത്തേ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദീകരണം തേടിയിരുന്നു.
കാസർകോട് കേന്ദ്ര സർവകലാശാലയിലെ വി.സി നിയമനത്തിനുള്ള 2019ലെ വിജ്ഞാപനത്തെ തുടർന്ന് 223 പേരാണ് അപേക്ഷിച്ചത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ സെലക്ഷൻ കമ്മിറ്റി ഇവരിൽനിന്ന് 16 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കുകയും ഇതിൽ അഞ്ചു പേരുകൾ ഉൾപ്പെട്ട പാനൽ സർവകലാശാല വിസിറ്റർ കൂടിയായ രാഷ്ട്രപതിക്ക് സമർപ്പിക്കുകയും ചെയ്തു.
എന്നാൽ, പാനലിൽ ഉചിതമായ ഉദ്യോഗാർഥികളില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിസിറ്റർക്ക് കുറിപ്പു നൽകി. ഉദ്യോഗാർഥികളുടെ വാദം കേൾക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെയാണ് ഉദ്യോഗസ്ഥൻ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇത് അംഗീകരിച്ച് വിസിറ്റർ പുതിയ പാനൽ ആവശ്യപ്പെട്ടു. വിസിറ്ററിന്റെ ആവശ്യത്തെ തുടർന്ന് സെലക്ഷൻ കമ്മിറ്റി പുതിയ പാനൽ നൽകിയതിൽ നിന്നാണ് നിയമനം നടത്തിയതെന്ന് ഹരജിയിൽ പറയുന്നു. സെലക്ഷൻ കമ്മിറ്റി നിർദേശിച്ച പാനലിലുള്ളവർക്ക് യോഗ്യതയില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന് പറയാനാവില്ലെന്നും ഈ നിർദേശം സ്വീകരിക്കാൻ വിസിറ്റർക്ക് നിയമപരമായി കഴിയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.