കേന്ദ്ര വാഴ്സിറ്റിയിൽ വീണ്ടും സംവരണ അട്ടിമറി
text_fieldsകാസർകോട്: കേന്ദ്ര കേരള സർവകലാശാലയിൽ പിഎച്ച്.ഡി പ്രോഗ്രാമിൽ സംവരണം അട്ടിമറിച്ചു. നേരത്തേ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകിയാൽ പിഎച്ച്.ഡിയുടെ ഗുണനിലവാരം കുറയുമെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകി സർവകലാശാല വെട്ടിലായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പിഎച്ച്.ഡിയിൽ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം അട്ടിമറിച്ചത്.
ജനുവരി 13ന് സർവകലാശാല ഇറക്കിയ വിജ്ഞാപനത്തിലാണ് സംവരണം നിഷേധിച്ചത് പുറത്തുവന്നത്. വിജ്ഞാപനപ്രകാരം വിവിധ വകുപ്പുകളിലായി 356 ഒഴിവുകളാണ് പിഎച്ച്.ഡിക്കുള്ളത്. സംവരണത്തിന് പ്രത്യേക നിയമംതന്നെ സർവകലാശാലക്കുണ്ട്. അതനുസരിച്ച് ഏഴര ശതമാനം പട്ടികവർഗ വിഭാഗത്തിനും 15 ശതമാനം പട്ടികജാതി വിഭാഗത്തിനും 27 ശതമാനം മറ്റു പിന്നാക്കവിഭാഗത്തിനും (ഒ.ബി.സി) നീക്കിവെക്കണം. 13ന് ഇറങ്ങിയ വിജ്ഞാപനത്തിൽ ഇതുസംബന്ധിച്ച് പരാമർശിക്കുന്നില്ല.
26 സീറ്റുകൾ പട്ടികവർഗ വിഭാഗത്തിനും 54 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും നീക്കിവെക്കണം. ഇരുവിഭാഗത്തിനുംകൂടി 81 സീറ്റുകളാണ് അനുവദിക്കേണ്ടത്.എന്നാൽ, 51 സീറ്റുകളാണ് വിജ്ഞാപനത്തിൽ പരാമർശിക്കാതെ അനുവദിച്ചിട്ടുള്ളത്. 2022 ജൂലൈ 22ന് സർവകലാശാല പുറത്തിറക്കിയ വിജ്ഞാപനത്തിൽ എസ്.ടി, എസ്.സി വിഭാഗങ്ങൾക്ക് സ്പെഷൽ ഡ്രൈവ് എന്ന് തീരുമാനമെടുത്തിരുന്നു. ഇതുപ്രകാരം ഈ വിഭാഗങ്ങൾക്ക് അഭിമുഖങ്ങൾ പാടില്ല. അപേക്ഷകരുണ്ടെങ്കിൽ, സംവരണ സീറ്റുകൾക്കു താഴെയാണ് അപേക്ഷകളെങ്കിൽ അഭിമുഖമില്ലാതെ പ്രവേശനം നൽകണമെന്നാണ് വ്യവസ്ഥ.
നിലവിൽ 16 പിഎച്ച്.ഡി ഒഴിവുകൾ എസ്.ടി വിഭാഗത്തിലും 20 ഒഴിവുകൾ എസ്.സി വിഭാഗത്തിലുമുണ്ട്.ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ് തുടങ്ങിയ വകുപ്പുകളിൽ നിലനിൽക്കുന്ന പിന്നാക്ക സംവരണങ്ങളിലെ ഒഴിവുകളാണ് നികത്താതിരുന്നത്. കേന്ദ്ര വാഴ്സിറ്റി കേരളയിൽ ദലിത് വിദ്യാർഥികളോടുള്ള പീഡനമനോഭാവം വിവാദമായിരുന്നു. ഈ വിഭാഗത്തോട് അനുഭാവം പുലർത്തുന്ന അധ്യാപകർക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.